തിരുവനന്തപുരം: കെ ഫോണുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനങ്ങളെ മുഖ്യമന്ത്രി പദ്ധതിയുടെ പുരോഗതി അറിയിച്ചത്. 2019ൽ കരാർ ഒപ്പിട്ട ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വന്നപ്പോൾ മുമ്പ് പ്രഖ്യാപിച്ച കെഫോൺ പോലുള്ള വൻ പദ്ധതികൾ പൂർത്തിയായില്ലെന്ന വിമർശനം പ്രതിപക്ഷം ഉൾപ്പടെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
2022 മെയ് മാസത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന് നല്‍കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
നിലവില്‍ 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കി.മീ പൂര്‍ത്തീകരിച്ചു. 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 375 പോപ്പുകളില്‍ (POP – Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
കെഎസ്ഇബി സബ്സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്. എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31-നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫീസുകള്‍ വരെ സജ്ജമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F4834860833272375&show_text=true&width=500