കോഴിക്കോട്: താമരശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് സംഭവം. താമരശ്ശേരി മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കൈതപ്പൊയിലില്‍ ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കാന്തപുരത്തിൻ്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം. നിര്‍മ്മാണ സമയത്ത് പതിനഞ്ചില്‍പ്പരം തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം.
ജെസിബിയും മറ്റും ഉപയോഗിച്ച് കെട്ടിടാവിശിഷ്ടങ്ങള്‍ മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായി ജോലിക്ക് ഉണ്ടായിരുന്നത്.