തിരുവനന്തപുരം: ആറ്റങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തിൽ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ കുട്ടിയോട് ക്ഷമ ചോദിച്ച് ഡി.ജി.പി അനിൽ കാന്ത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്ഷമ ചോദിചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രൻ പറഞ്ഞു.
പോലീസ് ആസ്ഥാനത്ത് എത്തിയാണ് ജയചന്ദ്രനും മകളും പോലീസ് മേധാവിയെ കണ്ടത്. ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറാനാണ് ഇരുവരും പോലീസ് ആസ്ഥാനത്ത് എത്തിയത്.
കോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് മേധാവി ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പൊലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
നേരത്തെ മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടും പോലീസ് ഇത് കാര്യമായി പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാന്‍ എത്തിയതെന്നും ജയചന്ദ്രന് പറഞ്ഞു. ആറ്റിങ്ങലില്‍ വെച്ച് മൊബൈല്‍ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയത്. ഈ കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.