തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകൾ നൗറിൻ (17) എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തി പിടിച്ചു. പിതാവിനെയും മർദിച്ചു.
ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിൻ്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.

















