കെ-റെയിലിനെതിരെ സമരം നടത്തുന്ന സാധാരണക്കാരായ മനുഷ്യർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘ആരുടെ സ്വപ്നം, ആരുടെ വികസനം?’. ഈ ചോദ്യമാണ് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ വികസന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയെ ഒരു ചോദ്യചിഹ്നമാക്കി ഉയർത്തികൊണ്ടുവരുന്നത്. ഒരു വികസന പദ്ധതിയെന്നത് ആരുടെ സ്വപ്നമായിരിക്കണം എന്നത് ഒരു ജനാധിപത്യ രാജ്യത്ത് ഏറെ പ്രസക്തിയുള്ള ചോദ്യമാണ്. സംസ്ഥാനത്തുടനീളം കെ-റെയിലിന്റെ സിൽവർ ലൈൻ പാതക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ ഈ ചോദ്യത്തെ മൂർച്ചയുള്ളതാക്കുന്നു.
കെ-റെയിൽ ആയിരങ്ങളെ കുടിയിറക്കുന്ന പദ്ധതിയാണ്. ഒരു പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും തിരിച്ച് നൽകാനാകാത്ത മനുഷ്യരുടെ ചുറ്റുപാടുകളെ, അവന്റെ ജീവിതക്രമം എഴുതിച്ചേർക്കപ്പെട്ട ഇടങ്ങളെ തകർക്കലാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുക. അതുകൊണ്ട് മനസിലാക്കിയാണ് പദ്ധതി മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പുറമെയുള്ളവരും സമരങ്ങളുടെ ഭാഗമാകുന്നത്. നിലവിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട പാക്കേജോ പുനരധിവാസമോ അല്ല ഇവർ ആവശ്യപ്പെടുന്നത്. പദ്ധതി നടപ്പിലാക്കരുത് എന്ന് തന്നെയാണ്.
കേരളത്തെ രണ്ടായി മുറിച്ചായിരിക്കും സിൽവർ ലൈൻ പാത കടന്ന് പോവുക എന്നാണ് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 11 സ്റ്റോപ്പുകൾ മാത്രമുള്ള ആകെ 532 കിലോ മീറ്റർ നീളമുള്ള പാതയുടെ 292 .73 കിലോ മീറ്റർ പാതയും ഒന്ന് മുതൽ എട്ട് മീറ്റർ വരെ ഉയരമുള്ള ഭിത്തിയാൽ മറച്ചിരിക്കും. മണ്ണിട്ട് ഉയർത്തിവേണം പാതയൊരുക്കാൻ എന്നതിനാൽ ഇരുവശവും ഇങ്ങനെ കെട്ടാതെ പറ്റില്ല. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ ജനങ്ങളെ പാതക്ക് ഇരുവശത്തുമായി വേർതിരിക്കുമെന്ന് തന്നെയാണ്. ബാക്കിയുള്ള പാതയിൽ 126.53 കിലോ മീറ്റർ കുന്നുകളും മലകളും വെട്ടിമുറിച്ചുള്ളതാണ്. അതിന്റെ വശങ്ങളുടെ ഉയരം ഒമ്പത് മീറ്റർ വരെയാകും. അതായത് പദ്ധതിയുടെ 80 ശതമാനവും മനുഷ്യരെ രണ്ടായി വേർതിരിക്കുന്നതാണ്.
പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും ഏറെ വലുതാണ്. പദ്ധതിക്കായി വേണ്ട മണ്ണും കല്ലുമെല്ലാം നിലവിൽ തന്നെ അപകട ഭീഷണിയിലുള്ള പശ്ചിമ ഘട്ടത്തെ തുരന്ന് വേണം എടുക്കാൻ. 532 കിലോ മീറ്റർ നീളം ഒരുക്കാൻ വേണ്ട മണ്ണും കല്ലും എത്രയാണെന്ന് ഊഹിക്കാവുന്നതിനപ്പുറമാണ്. ഇതിന് പുറമെ പദ്ധതിയുടെ 126.53 കിലോ മീറ്റർ കുന്നുകളും മലകളും ഇടിച്ച് നിരത്തിയുള്ളതാണ്. പാത കടന്ന് പോകുന്നിടത്തെ തണ്ണീർത്തടങ്ങൾ, വയലുകൾ എന്നിവയും മണ്ണിട്ട് നികത്തേണ്ടി വരും. കൂടാതെ നദികൾക്ക് കുറുകെയുള്ള പാലങ്ങൾ ഉൾപ്പെടെ 374 മേൽപാലങ്ങൾ 476 അടിപ്പാതകൾ എന്നിവയും വേണം. കേരളത്തിന്റെ ഒരു തലമുതൽ ഒരു തലവരെ ആവാസ വ്യവസ്ഥയെ തകർത്തുകൊണ്ടാകും സിൽവർ ലൈനിന്റെ ചൂളം വിളി മുഴങ്ങുക. ഇതെല്ലാം താങ്ങാനുള്ള ഉറപ്പ് നിലവിലെ കേരളത്തിന് ഉണ്ടോ എന്ന ചോദ്യവും ഏറെ പ്രസക്തമാണ്.
നിലവിൽ ലക്ഷം കോടിയുടെ ബാധ്യതയുള്ള കേരളം പോലൊരു സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കുന്നതായിരിക്കും സിൽവർ ലൈൻ പാത. 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കേന്ദ്രം നൽകുക 2150 കോടിയാണ്. കിഫ്‌ബി 2100 കോടിയും ഹഡ്കോ 3000 കോടിയും നൽകും. ഇതിന് പുറമെ എ.ഡി.ബി, ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ച്ചർ ബാങ്ക് തുടങ്ങിയ വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് 33700 കോടി രൂപ പലിശക്ക് എടുക്കുകയും ചെയ്യും. കൂടാതെ സർക്കാർ ഭൂമി റിയൽ എസ്റേറ്റുകാർക്ക് പണയത്തിന് നൽകി പണം കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നു. കൂടാതെ ഓഹരി നിക്ഷേപവും ഒരുക്കും. എന്നാൽ ഈ ചെലവഴിക്കുന്ന പണം എങ്ങനെ തിരിച്ചു പിടിക്കും, എപ്പോൾ ലാഭത്തിലാകും എന്നതിന് കൃത്യമായ മറുപടികൾ ഇല്ല. ദിനംപ്രതി കടത്തിൽ മുങ്ങുന്ന കൊച്ചി മെട്രോ നമുക്ക് മുന്നിൽ ഉദാഹരണമായി ഉണ്ട്.
പദ്ധതിക്കായി ചട്ടലംഘനങ്ങൾ നടന്നതായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാഥമിക ഫീസിബിലിറ്റി റിപ്പോർട്ട് മുതൽ അന്തിമ പഠനം വരെ ഒരു തട്ടിക്കൂട്ട് പഠനമാണ് നടന്നത്. ശരിയായ ഭൂസർവേ പോലും നടത്താതെ ഗൂഗിൾ എർത്ത് ഇമേജുകൾ മാത്രം അടിസ്ഥാനമാക്കിയാണ് അങ്ങേയറ്റം ഭൂമിക്ക് ഉറപ്പ് വേണ്ട ഒരു പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കിയത്. കുതിച്ച് പായുന്ന ട്രെയിനുകൾക്ക് വേണ്ടി മണ്ണ് പരിശോധന അനിവാര്യമാണ്. എന്നാൽ ശാസ്ത്രീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത റെയിൽവേയുടെ എഞ്ചിനീയറിംഗ് കോഡിന് വിരുദ്ധമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്. ഇതിനായി ഏൽപ്പിച്ചതാകട്ടെ ഇത്തരത്തിൽ ഒരു വലിയ പ്രൊജക്റ്റ് ചെയ്ത് പരിചയമില്ലാത്ത ഒരു കമ്പനിയെയും.
പദ്ധതിക്കായി കുടിയിറക്കപ്പെടേണ്ടി വരിക പതിനായിരത്തോളം കുടുംബങ്ങളെയാണ്. പതിനായിരത്തിലേറെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. പദ്ധതി ചെലവ് 63941 എന്നത് 2018 ലെ കണക്കാണ്. അന്ന് തന്നെ 126000 ചെലവ് വരുമെന്ന് നീതി ആയോഗ് പറഞ്ഞിരുന്നു. വർഷം 2022 ലേക്ക് എത്തി നിൽക്കുമ്പോൾ പദ്ധതി ചെലവ് വർദ്ധിക്കാനേ തരമുള്ളൂ. പക്ഷെ ചെലവ് കൂടില്ലെന്നാണ് കേന്ദ്രം പറയുന്നത്. പുനരധിവാസത്തിന് കുറഞ്ഞ പണമാണ് വകയിരുത്തിയിട്ടുള്ളതെന്ന നീതി ആയോഗിന്റെ ആരോപണം മറുവശത്തുണ്ട്.
കർഷക സമരത്തിന് ശേഷം ഒരു പക്ഷെ രാജ്യവും കേരളവും കാണാൻ പോകുന്ന ഏറ്റവും വലിയ സമരം ഒരു പക്ഷെ കെ-റെയിലുമായി ബന്ധപ്പെട്ടാകും. നിലവിൽ കേരളത്തിലങ്ങോളം നടക്കുന്ന ചെറുതും വലുതുമായ പ്രതിഷേധങ്ങൾ ഒരുമിച്ച് വന്നാൽ കേരളത്തിൽ പ്രതിഷേധക്കൊടുങ്കാറ്റ് അടിക്കും.