ആലപ്പുഴ: ചാത്തനാട് സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് ബോംബ് നിർമിച്ച കേസിൽ അറസ്റ്റിലായ തിരുവനന്തപുരം വെട്ടുകാട് പുത്തൻവീട് ജോളി (39) പീഡനക്കേസിലെ പ്രതി. 19ന് രാത്രി സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ച തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാറിന് (ലേ കണ്ണൻ-29) ബോംബ് നിർമിച്ചുനൽകിയത് ജോളിയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ ആലപ്പുഴ ഓമനപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയത് കണ്ണനും സംഘവുമാണ്. ഇരുവരും ജയിലിലെ പരിചയമാണ് ഇവിടെയെത്തിച്ചത്. കണ്ണെൻറ ശത്രുക്കളെ വകവരുത്തുന്നതിനാണ് ജോളിയെ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കിയത്. ഇതിനിടെ, ഈ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരമുണ്ടെന്ന രഹസ്യസന്ദേശത്തിെൻറ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസും ജില്ല ലഹരിവിരുദ്ധ ടീമും പരിശോധനക്കെത്തിയ ദിവസം ഇയാൾ ഈ റിസോർട്ടിൽനിന്ന് കടന്നുകളഞ്ഞു.
നഗരത്തിലെ ഗുണ്ടസംഘവുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെ കണ്ടെടുത്ത നാടൻബോംബ് ഉണ്ടാക്കിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയെങ്കിലും കന്യാകുമാരി-മധുര വഴി പഴനിയിൽ എത്തിയശേഷം ഓമനപ്പുഴയിലേക്ക് വരുകയായിരുന്നു. റൂട്ട് തിരിച്ചറിഞ്ഞ പൊലീസ് സംഘം പിന്തുടർന്ന് ബലമായി കീഴ്പ്പെടുത്തുന്നതിനിെട ഒരു പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ചു. സ്വയം പരിക്കേൽപിച്ച് രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. തിരുവനന്തപുരത്ത് വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളുടെ കൈവശം എപ്പോഴും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബോംബ് ഉണ്ടാവും. നിരവധി മാല പൊട്ടിക്കൽ, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. ജോളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് പാതിരപ്പള്ളി വടശ്ശേരി ജിനുവിനെയും (24) അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ രാധാകൃഷ്ണെൻറ വീട്ടിൽനിന്ന് കണ്ടെടുത്ത നാടൻ ബോംബിെൻറ അംശങ്ങൾ എറണാകുളം റീജനൽ ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലമറിയാൻ ഒരാഴ്ചയെടുക്കുമെന്നാണ് സൂചന.