മൂന്നാർ: വിപണിയിൽ പച്ചക്കറി വില സാധാരണക്കാരുടെ കൈപൊള്ളിക്കുമ്പോൾ മൂന്നാറിലെ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വിപണന കേന്ദ്രം സാധാരണക്കാർക്ക് ആശ്വാസമാകുകയാണ്. വിപണി വിലയേക്കാൾ പച്ചക്കറികൾക്കുള്ള വലിയ വിലക്കുറവാണ് കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്.പലയിടത്തും നൂറിന് മുകളിൽ വില ഉയർന്നു നിൽക്കുന്ന തക്കാളിക്കിവിടെ 65 രൂപമാത്രമാണ് വില.
സാധാരണകാർക്കാശ്വാസകരമാകുന്ന രീതിയിലാണ് പച്ചക്കറി വിൽപ്പന നടക്കുന്നതെന്ന് ഹോർട്ടികോർപ്പ് അധികൃതർ പറഞ്ഞു. ക്യാരറ്റ് 35, പച്ചമുളക് 45, ക്യാബേജ് 20, വഴുതന 60, പയർ 60 എന്നിങ്ങനെയാണ് വിവിധ തരം പച്ചക്കറികളുടെ വിൽപ്പന. മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷൻ ഭാഗത്ത് ദേശിയപാതയോരത്താണ് ഹോർട്ടികോർപ്പിന്റെ വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്.
വിലക്കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ പച്ചക്കറികൾ വാങ്ങുന്നതിനും കേന്ദ്രത്തിൽ ആളുകളുടെ തിരക്കനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ മൂന്നാർ പച്ചക്കറി ചന്തയിലാകട്ടെ പല പച്ചക്കറികളുടെയും വില പതിൻ മടങ്ങാണ്. തക്കാളിക്ക് 100 മുതൽ 120 വരെയും പച്ചമുളകിന് 60 മുതൽ 70 വരെയുമാണ് കിലോയുടെ വില.