ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന സംഭവത്തിൽ ദില്ലി പൊലിസ് അന്വേഷണം നടത്തുകയാണ്. നേരത്തെ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ഐഎസ്ഐഎസ് കശ്മീർ എന്ന മെയിൽ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണ ഭീഷണി സന്ദേശം ലഭിച്ചത്. ‘ഞങ്ങൾ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തിൽ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങൾ രക്ഷപ്പെട്ടു’വെന്നാണ് സന്ദേശം വിശദമാക്കുന്നത്. ‘നിങ്ങൾ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കിൽ രാഷ്ട്രീയത്തിൽ നിന്നും കശ്മീർ പ്രശ്നങ്ങളിൽ നിന്നും അകന്നു നിൽക്കുക’ എന്നും സന്ദേശം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗൗതം ഗംഭീറിൻറെ ദില്ലിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.
ബുധനാഴ്ച രാവിലെയാണ് ഗൗതം ഗംഭീർ ഭീഷണി ലഭിച്ചതായി ദില്ലി പൊലീസിനെ ആദ്യം അറിയിച്ചത്. ‘ഞങ്ങൾ നിങ്ങളേയും കുടുംബത്തേയും കൊല്ലാൻ പോകുന്നു’വെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെൻട്രൽ ഡിസിപി ശ്വേത ചൌഹാൻ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നൽകിയതിനെ തുടർന്ന് ഗൗതം ഗംഭീറിൻറെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു.
ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. 2018ലാണ് ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. 2019ൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ദില്ലിയിൽ നിന്നാണ് ഗൗതം ഗംഭീർ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.