പത്തനംതിട്ട: കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ് അറസ്റ്റിലായി.ആലപ്പുഴ രാമങ്കരി പൊലീസ് സ്റ്റേഷന് പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന് ബാബുവാണ് (33) അറസ്റ്റിലായത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
തിരുവല്ല കുറ്റൂര്‍ ചിറ്റിലപ്പടിയില് വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് മാല പൊട്ടിക്കുകയാണ് രീതി.
തിരുവല്ല, പുളിക്കീഴ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, രാമങ്കരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് എഴോളം കേസുകളും, ഇരുചക്രവാഹനം മോഷ്ടിച്ചതിന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ട്. മറ്റ് ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ല പൊലീസ് മേധാവി പറഞ്ഞു.
പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘത്തില്‍ എസ്.സി.പി.ഒ ജോബിന് ജോണ്‍, സി.പി.ഒമാരായ ഉമേഷ്, ശ്രീലാല്‍, ഷഫീഖ്, വിജീഷ്, സുജിത് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.