ക്ഷേത്ര സ്വത്ത് (Temple) പണമാക്കി നീക്കാനുള്ള തമിഴ്നാട് (Tamilnadu) സർക്കാരിൻറെ നീക്കത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (Vishva Hindu Parishad). ഹിന്ദു ക്ഷേത്രങ്ങളേയും മതസ്ഥാപനങ്ങളേയും സർക്കാരുകളുടെ നിയന്ത്രണത്തിൽ നിന്നും മതപരിവർത്തനത്തിനെതിരായ നിയമത്തിൽ നിന്നും മാറ്റാൻ കേന്ദ്രനിയമം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ഒരു ബദൽ നിയന്ത്രണ ഘടന വികസിപ്പിക്കുന്നതിന് ഹിന്ദു ദാർശനികരേയും സന്യാസിമാരുടേയും നിർദ്ദേശത്തിൽ ഹിന്ദു സമാജം രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിഎച്ച്പിയുള്ളത്.
ഇന്ത്യയിലെ ക്ഷേത്രങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ സാമൂഹിക, മത, സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നതെന്നാണ് വിഎച്ച്പി വിശദമാക്കുന്നത്. ഹിന്ദു വിശ്വാസികളായ തീർത്ഥാടകർ നൽകുന്ന സംഭാവനകളെ ആശ്രയിച്ചാണ് ഈ ക്ഷേത്രങ്ങളുടെ പ്രവർത്തനമെന്നും വിഎച്ച്പി വാദിക്കുന്നു. അവശ്യഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ വിശ്വാസികളുടെ സേവനത്തിനായും മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാൽ രാജ്യത്തെ സമ്പന്നമായ മിക്ക ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിലും സംസ്ഥാന സർക്കാരുകൾ കൈകടത്തുകയും ഹിന്ദു വിശ്വാസികളുടെ സംഭാവനകൾ യുക്തിക്ക് നിരക്കാത്ത രീതിയിൽ ചെലവഴിക്കുന്നുവെന്നുമാണ് വിഎച്ച്പി ആരോപിക്കുന്നത്.
വിശ്വാസികളുടേതല്ലാത്ത ആവശ്യങ്ങൾക്കായി പോലും ഏകപക്ഷീയമായി ക്ഷേത്രങ്ങളിലെ പണം ചെവഴിക്കപ്പെടുന്നു. 1926ലെ മദ്രാസ് ഹിന്ദു റിലീജിയസ് എൻഡോവ്മെന്റ് ആക്ട് അനുസരിച്ചാണ് ബ്രിട്ടീഷ് കാലഘട്ടം മുതൽ ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിലായതെന്നും വിഎച്ചപി ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ക്ഷേത്രങ്ങൾ നിലവിൽ ഈ കറുത്ത നിയമത്തിന് കീഴിലാണുള്ളത്. ചിദംബരം നടരാജ് ക്ഷേത്രം സംബന്ധിച്ച കേസിൽ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയിട്ടുള്ളത്. മതസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നാണ് വിഎച്ച്പി ആവശ്യപ്പെടുന്നത്.
സർക്കാരുകൾ നമ്മുടെ ക്ഷേത്രങ്ങളുടെ ഉടമ ആയിരിക്കുന്ന സാഹചര്യം മാറണമെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ എസ് ആർ പറയുന്നു.ആവശ്യമുള്ളപ്പോൾ ഇടപെടുന്ന രീതിയിലേക്ക് സർക്കാരും കോടതിയും ക്ഷേത്രകാര്യങ്ങളിൽ മാറേണ്ടിയിരിക്കുന്നു. വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാരീതികളും മനസ്സിൽ വെച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ചട്ടക്കൂട് രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്നും വിഎച്ച്പി പത്രക്കുറിപ്പിൽ വിശദമാക്കി.