അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ അസന്യ എന്ന പെൺകുഞ്ഞാണ് മരിച്ചത്. പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയത്തിന് തകരാറുണ്ടായിരുന്നു. അഗളിയിൽ നിന്ന് കോട്ടത്തറയിലെ ആശുപത്രിയിലേക്ക് വരികയായിരുന്നു. വരുന്ന വഴിയിൽ തന്നെ കുഞ്ഞ് മരിച്ചു.
അട്ടപ്പാടിയിൽ ഇന്ന് മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്. അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് അഞ്ചാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 11 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.
മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിനിടെ അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയരക്ടർ ടി.വി അനുപമക്ക് നിർദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10ന് അഗളിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുക്കും. അഗളി, പൂതൂർ പഞ്ചായത്തുകളിലാണ് അരിവാൾ രോഗബാധയെ തുടർന്ന് മരണമുണ്ടായത്.