തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലം നാളെ പ്രഖ്യാപിക്കും. ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
ഉച്ചയോടെയാവും പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് സ്‌കൂൾ പ്രവർത്തിസമയം രാവിലെ മുതൽ വൈകീട്ട് വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു. പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്നാണ് പ്രവൃത്തി സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികൾ പുറത്തായതോടെയാണ് സർക്കാർ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

















