തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവരുടെ വിവരം തദ്ദേശസ്ഥാപന തലത്തില്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചു.ഇത്തരക്കാരെ കണ്ടെത്തി വാക്സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കലക്ടര്‍മാര്‍, ജില്ല ചുമതലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്ഥാപന പ്രതിനിധികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. വാര്‍ഡ് തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്ത് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കണാന്‍ അനുവദിക്കണമെന്ന് തിയറ്റര്‍ ഉടമകളുടെ ആവശ്യമുണ്ടായിരുന്നെങ്കിലും അവലോകന യോഗം പരിഗണിച്ചില്ല. ഇതോടെ പകുതി സീറ്റില്‍ പ്രവേശനമെന്ന നിലവിലെ സ്ഥിതി തുടരും. മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ ആവശ്യം.