അബുദാബി: യുഎഇയിൽ നവംബർ 15നാണ് സ്വാകര്യ മേഖലയ്ക്ക് ബാധകമായ പുതിയ തൊഴിൽ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴിൽ പരിഷ്കാരങ്ങൾ പുതിയ നിയമത്തിൽ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങൾ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
2022 ഫെബ്രുവരി രണ്ട് മുതലാണ് പുതിയ തൊഴിൽ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരുന്നത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെ ലഭിക്കുന്ന ചില അവധികൾ ഇവയാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വാരന്ത്യ വിശ്രമ ദിനങ്ങൾ ദീർഘിപ്പിക്കുന്നതിന് വേണ്ടി കമ്പനിയുടെ തീരുമാനമനുസരിച്ച് ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ടാവും.
അടുത്ത ബന്ധുക്കളുടെ മരണത്തോടനുബന്ധിച്ച് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ശമ്പളത്തോടെ അവധി ലഭിക്കും. മരണപ്പെട്ടയാളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവധികളുടെ എണ്ണം നിജപ്പെടുത്തുക
ഒരു തൊഴിലുടമയുടെ കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ 10 ദിവസത്തെ സ്റ്റഡി ലീവിന് അർഹതയുണ്ടാവും. എന്നാൽ യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നിരിക്കണമെന്ന് നിബന്ധനയുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ പേരന്റൽ ലീവ് ലഭിക്കും. കുഞ്ഞ് ജനിച്ച ദിവസം മുതൽ ആറ് മാസം വരെയുള്ള കാലയളവിനുള്ളിൽ ഈ ലീവെടുക്കാം. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഈ അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ മാതൃത്വ അവധി 60 ദിവസമാക്കി വർദ്ധിപ്പിച്ചു. 45 ദിവസം മുഴുവൻ ശമ്പളത്തോടെയും പിന്നീടുള്ള 15 ദിവസം പകുതി ശമ്പളത്തോടെയും ആയിരിക്കും ഇത്.
മാതൃത്വ അവധി അവസാനിച്ചതിന് ശേഷവും അമ്മയ്ക്ക് പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങളോ കുഞ്ഞിന് മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ പിന്നീട് 45 ദിവസം കൂടി ശമ്പളമില്ലാത്ത അവധിക്ക് അർഹതയുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അമ്മമാർക്ക് മാതൃത്വ അവധി അവസാനിച്ച ശേഷം 30 ദിവസം കൂടി ശമ്പളത്തോടെയുള്ള അധിക അവധി ലഭിക്കും. ഇതിനും ശേഷം പിന്നീട് ആവശ്യമെങ്കിൽ 30 ദിവസം കൂടി ശമ്പളമില്ലാത്ത അവധിയും ലഭ്യമാവും.