തൊടുപുഴ : പ്രളയത്തെ തുടർന്ന് വീട് തകർന്ന കർഷകന് ഭൂമിയുള്ള ഭവനരഹിതരുടെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി ലൈഫ് മിഷനിലൂടെ വീട് നൽകാമെന്ന് ജില്ലാകളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ അറിയിച്ചു.
ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ അപേക്ഷകൻ ലൈഫ് പദ്ധതിക്ക് അപേക്ഷ നൽകിയിരുന്നു.പുതുവേലിൽ ഹെലിബറിയ സ്വദേശി അർജുനന് വീട് അനുവദിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
പീരുമേട് താലൂക്കിലാണ് പരാതിക്കാരൻ താമസിച്ചിരുന്നത്. കമ്മീഷന്റെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.പരാതിക്കാരന്റെ വീട് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.അടുത്ത ഘട്ടത്തിൽ പരാതിക്കാരനെ പരിഗണിക്കാമെന്ന് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
പരാതിക്കാരന് എത്രയും വേഗം ലൈഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജില്ലാകളക്ടർക്കും ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി.