തൃക്കാക്കര: ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തതിന് വൈഗ വധക്കേസ് പ്രതിയും വൈഗയുടെ പിതാവുമായ സാനു മോഹനും മറ്റു രണ്ടു പേർക്കുമെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു
വൈഗയുടെ മാതാവ് രമ്യയുടെ പരാതിയിലാണ് നടപടി. സാനുവിനു വേണ്ടി ഇന്റീരിയർ ജോലികൾ ചെയ്തിരുന്ന മരട് സ്വദേശി സാബുവും ഭാര്യാമാതാവ് ഫിലോമിനയുമാണ് മറ്റ് രണ്ടും മൂന്നും പ്രതികൾ.
ഫ്ളാറ്റ് പണയം വച്ച് സാബുവിൽ നിന്ന് എട്ട് ലക്ഷം രൂപ സാനു വാങ്ങിയിരുന്നു.രമ്യയുടെ പേരിൽ, കള്ള ഒപ്പിട്ടാണ് ഇതിനായി കരാറുണ്ടാക്കിയത്.തന്റെ പേരിലുളള 30 ലക്ഷം രൂപ വിലവരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് കള്ള ഒപ്പിട്ട് തട്ടിയെടുത്തെന്നാണ് രമ്യയുടെ പരാതി.
ഇവിടെയാണ് വൈഗയ്ക്കൊപ്പം സാനുവും രമ്യയും കഴിഞ്ഞിരുന്നത് 11കാരി വൈഗയെ ഈ ഫ്ളാറ്റിൽ വച്ചാണ് സാനു മയക്കി മാർച്ച് 21ന് മുട്ടാർ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്.സാബുവും ഫിലോമിനയും നൽകിയ കേസിൽ ജൂണിൽ എറണാകുളം രണ്ടാം സബ് കോടതി ഫ്ളാറ്റ് അറ്റാച്ച് ചെയ്തതിനെ തുടർന്നാണ് വിവരം രമ്യ അറിയുന്നത്.സാനു ഇപ്പോൾ ജയിലിലാണ്