മലേഷ്യയിലെ സബാഹ് പ്രവിശ്യയിലെ സ്ത്രീകൾ ഒരു വലിയ മുന്നേറ്റത്തിലാണ്. കിനാബതംഗൻ നദി സൃഷ്‌ടിച്ച വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായും ആണ് സ്ത്രീകളുടെ മുന്നേറ്റം. കിനാബതംഗൻ നദിയിലെ വെള്ളപ്പൊക്കം തകർത്ത മഴക്കാടുകൾ പുനഃസ്ഥാപിക്കാൻ പ്രാദേശിക സ്ത്രീകളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള മുന്നേറ്റം ഏറെ മാതൃകാപരമാണ്.
ഇത് ഏതെങ്കിലും ഒരു ദിവസത്തെ ചടങ്ങ് തീർക്കാനുള്ള ജോലിയില്ല ഈ സ്ത്രീകൾക്ക്. കഴിഞ്ഞ പത്ത് വർഷമായി അവർ ഈ ശ്രമം തുടരുന്നുണ്ടെന്ന് പറഞ്ഞാൽ മാത്രമേ അവരുടെ ദൃഢ നിശ്ചയത്തെ കുറിച്ചും ആത്മാർത്ഥയെ കുറിച്ചും നമുക്ക് ബോധ്യമാകൂ. മലേഷ്യയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നിൽ വന്യജീവികൾക്കായി ഒരു വന “ഇടനാഴി” സൃഷ്ടിക്കാമെന്ന് അവർ പ്രതീക്ഷിക്കുന്നു. നിലവിലെ പ്രദേശത്തെ കാട് ഓയിൽ പാം തോട്ടങ്ങളുടെ നിരന്തരമായ വികസനത്താൽ ഞെരുങ്ങി അമർന്ന് കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് ഈ സ്ത്രീകൾ കാടിന് വളരാൻ വഴി ഒരുക്കുന്നത്.
ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഏകദേശം രണ്ട് ദശലക്ഷം ടൺ ക്രൂഡ് പാം ഓയിൽ സബാഹ് ഉത്പാദിപ്പിച്ചു. മലേഷ്യയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് ഇത്. സോപ്പ് മുതൽ ഡിറ്റർജന്റുകൾ, ഐസ്ക്രീം വരെയുള്ള ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന പാം ഓയിലിന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരാണ് മലേഷ്യ.
എന്നാൽ പാം ഓയിൽ വ്യവസായത്തിന്റെ വികാസം വനനശീകരണത്തിന് മാത്രമല്ല, വനങ്ങളുടെ ശിഥിലീകരണത്തിനും കാരണമായിട്ടുണ്ട്. ബോർണിയോയിലെ തനതായ പിഗ്മി ആനകളും ഒറംഗുട്ടാനുകളും ഉൾപ്പെടെയുള്ള വന്യജീവികളെ തിങ്ങിക്കൂടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. തങ്ങളുടെ ഗ്രാമമായ സുകൗവിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന വിവിധ വന്യജീവി സങ്കേതങ്ങളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വനിതാ ടീമുകൾ തന്ത്രപരമായി തിരഞ്ഞെടുത്ത പ്ലോട്ടുകളിൽ നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ ചെയ്തുവരുന്നത്.
“താഴ്ന്ന കിനാബത്തംഗനിൽ അവശേഷിക്കുന്ന മഴക്കാടുകൾ വളരെ ചെറുതായതിനാൽ വന്യജീവി സംരക്ഷണത്തിന് ഞങ്ങൾ സഹായിക്കേണ്ടതുണ്ട്, ഏതാണ്ട് വംശനാശം സംഭവിച്ച വന്യജീവികൾക്ക് ആവാസവ്യവസ്ഥയും ഭക്ഷണവും നൽകുന്നതിന് കൂടുതൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്, ഞങ്ങൾ ഭാവി തലമുറകൾക്കായി സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നു.” രണ്ട് വനം പുനഃസ്ഥാപിക്കൽ ടീമുകളുടെ ലീഡറായ മരിയാന സിങ്ഗോങ് പറയുന്നു.
2008-ൽ പ്രാദേശിക വന്യജീവി, വനസംരക്ഷണ എൻജിഒയായ ഹൂട്ടന്റെ കീഴിൽ വനനശീകരണ പരിപാടി ആരംഭിച്ചതുമുതൽ, സ്ത്രീകൾ ഏകദേശം 101 ഹെക്ടർ (250 ഏക്കർ) മഴക്കാടുകൾ നട്ടുവളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തു. അവരുടെ പ്രധാന ലക്ഷ്യം ഉയർന്ന എണ്ണം മരങ്ങൾ നട്ടുപിടിപ്പിക്കുകയല്ല, മറിച്ച് ഉയരമുള്ള പുല്ലുകൾ, കുറ്റിക്കാടുകൾ, ഫെർനുകൾ, വള്ളികൾ എന്നിവയാൽ ഇളം മരങ്ങൾ നശിക്കാൻ സാധ്യതയുള്ള ഒരു അന്തരീക്ഷത്തിൽ തൈകളുടെ നിലനിൽപ്പ് ഉറപ്പാക്കുക എന്നതാണ്.
ടീമുകൾ അവരുടെ സമയത്തിന്റെ മുക്കാൽ ഭാഗമെങ്കിലും പ്ലോട്ടുകൾ പരിപാലിക്കാൻ ചെലവഴിക്കുന്നു, അവരുടെ സമർപ്പണത്താൽ 80 ശതമാനത്തിലധികം മരങ്ങളും നിലനിൽക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള അറ്റകുറ്റപ്പണിയുടെയും പോഷണത്തിന്റെയും ആവശ്യകതയാണ് ഹൂട്ടനെ അവരുടെ മുഴുവൻ വനനശീകരണ പരിപാടിയും വനിതാ ടീമുകളെ അടിസ്ഥാനപ്പെടുത്തിയത്. ഇത് ഗ്രാമീണ സബയുടെ പ്രത്യേകതയാണ്, ഇവിടെ സ്ത്രീകൾ പ്രധാനമായും വീട്ടുജോലിക്കാരായാണ് കാണപ്പെടുന്നത്. അതിനാൽ തന്നെ വീട്ടിലെ ജോലികൾ കഴിഞ്ഞാൽ അവർ ഈ ഭൂമിയുടെ സംരക്ഷണത്തിൽ വ്യാപൃതരാണ്.
“പുരുഷന്മാർ ചിലതരം ജോലികൾ ചെയ്യുന്നതിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും മിടുക്കരാണ്, എന്നാൽ അതേ പ്ലോട്ടിലേക്ക് വീണ്ടും വീണ്ടും വരാൻ ഞങ്ങൾ അവരോട് ആവശ്യപ്പെടുമ്പോൾ, സ്ത്രീകൾക്ക് കഴിയുന്നതുപോലെ എല്ലാ തൈകളിലും ഒരേ ശ്രദ്ധ നൽകാൻ അവർക്ക് കഴിയില്ല. എന്നാൽ ഈ മരങ്ങളെ ദീർഘകാലത്തേക്ക് പരിപോഷിപ്പിക്കുന്നതിൽ സ്ത്രീകൾ വളരെ മികച്ചവരാണ്.” – ഹൂട്ടൻ സ്ഥാപകൻ മാർക് അൻക്രീനാസ് പറയുന്നു.
എന്നാൽ കോവിഡ് മലേഷ്യയെയും കീഴടക്കിയപ്പോൾ സ്ത്രീകൾക്ക് അതേ സ്ഥിരതയോടെ സൈറ്റുകൾ സന്ദർശിക്കാൻ കഴിയാതെ വന്നതോടെ ഈ വർഷം പുനരുദ്ധാരണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. എന്നാൽ നിയന്ത്രങ്ങൾ അവസാനിച്ചതോടെ സ്ത്രീകൾ മടങ്ങിവരാൻ തുടങ്ങി. എന്നാൽ പരിപാലനമേൽക്കാതെ ഒരു വർഷത്തിലേറെ കിടന്ന മരങ്ങൾ കണ്ട് അവർ പരിഭ്രാന്തരായി.
“പല മരങ്ങൾക്കും പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾ കണ്ടു, ചിലത് നശിച്ചു. അവ നന്നായി വളരാത്തതിൽ ഞങ്ങൾക്ക് ദുഖമുണ്ട്. പ്രത്യേകിച്ച് കോവിഡിന് തൊട്ട് മുൻപ് പുതുതായി നട്ടുപിടിപ്പിച്ചവ കൂടുതലായി നശിച്ചു. അവസാനം നട്ടത് പലതും വളരെ സെൻസിറ്റീവ് ആയിരുന്നു. മൂന്ന് മാസത്തോളം സംരക്ഷണം ലഭിച്ചില്ലെങ്കിൽ ഇവ പലതും നശിക്കും. മറ്റ് വന സംരക്ഷണ സംഘത്തിന്റെ തലവനായ നോറിന ബ്രെയിം പറഞ്ഞു.
ഈ വർഷം 5000 മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കാനാണ് വനിതകളുടെ ലക്ഷ്യം. എന്നാൽ ഇതുവരെ 1,770 പേരെ മാത്രമേ പിടിപ്പിക്കാനായുള്ളൂ. എന്നാൽ അതിന്റെ തളർച്ച അവർക്ക് ഇല്ല. സാധാരണയായി ഒക്ടോബറോടെ ഇവർ ലക്ഷ്യത്തിൽ എത്തുന്നതാണ്. ലോക്ക് ഡൗൺ ആണ് ഇത്തവണ കാര്യങ്ങൾ മുടക്കിയത്. എന്നാൽ ഈ കണക്കുകൾ ഒന്നും അവർ കാര്യമാക്കുന്നേ ഇല്ല. ഡിസംബർ അവസാനിക്കുമ്പോഴേക്ക് തങ്ങൾ ലക്ഷ്യത്തിൽ എത്തുമെന്ന അവരുടെ ഉറച്ച വിശ്വാസത്തിന് മുന്നിൽ അതെല്ലാം മാറിനിൽക്കും. ലക്ഷ്യം നേടാനുള്ള കഠിന പ്രയത്നത്തിലാണ് അവർ.