കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായി വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തിയ സാംപിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ ആരോഗ്യ മിഷന്‍ അറിയിച്ചു.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരുമെന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മുന്‍കരുതല്‍ വേണമെന്നും ഹെല്‍ത്ത് മിഷന്‍ അറിയിക്കുന്നുണ്ട്.
പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാന്‍ സാഹചര്യമുണ്ടെന്നും വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെന്നും ദേശീയ ആരോഗ്യ മിഷന്‍ പറയുന്നു. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ബാധയുടെ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. ആ സാഹചര്യത്തില്‍ കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പകരുന്നത്.