അബുദാബി: യുഎഇയിലെ (UAE) പള്ളികളിൽ വെള്ളിയാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന (rain seeking prayer) നടക്കും. യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് മഴ തേടിയുള്ള നമസ്കാരമായ ‘സലാത്തുൽ ഇസ്തിസ്ഖാ’ നിർവഹിക്കാൻ രാജ്യത്തെ ജനങ്ങളോട് കഴിഞ്ഞയാഴ്ച ആഹ്വാനം ചെയ്ത്.
വിവിധ എമിറേറ്റുകളിൽ പ്രത്യേക നമസ്കാരം നടക്കുന്ന സമയം യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി ട്വീറ്റ് ചെയ്തിട്ടുണ്ട്. അബുദാബി – ഉച്ചയ്ക്ക് 12 മണി, ദുബൈ – രാവിലെ 11.56, ഷാർജ – രാവിലെ 11.55, അജ്മാൻ – രാവിലെ 11.54, ഉമ്മുൽഖുവൈൻ – രാവിലെ 11.54, റാസൽഖൈമ – രാവിലെ 11.53, ഫുജൈറ – രാവിലെ 11.51, ഖോർഫുകാൻ – രാവിലെ 11.51, അൽ ഐൻ – രാവിലെ 11.54, അൽ ദഫ്റ – ഉച്ചയ്ക്ക് ശേഷം 12.02 എന്നിങ്ങനെയാണ് പ്രത്യേക പ്രാർത്ഥനയുടെ സമയം.
മഴയ്ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി രാജ്യത്തെ എല്ലാ മുസ്ലിംകളും പ്രവാചകചര്യ അനുസരിച്ച് പ്രാർത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിർദേശം. യുഎഇയിൽ ഇതാദ്യമായല്ല മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടക്കുന്നത്. 2020, 2017, 2014, 2011, 2010 വർഷങ്ങളിലും ഇത്തരത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും ഖത്തർ അമീർ ശൈഖ് ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും അതത് രാജ്യങ്ങളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നിർവഹിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.