കണ്ണൂർ:ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.വെള്ളിയാഴ്ച ഉച്ചയോടെ കാട് വെട്ടി തെളിക്കാൻ എത്തിയ തൊഴിലാളികളാണ് കാട്ടാന കുട്ടിയുടെ ജഡം കുളത്തിൽ പൊങ്ങികിടക്കുന്നത് കണ്ടത്. ആറളം ഫാമിൻ്റെ കൃഷിയിടത്തിലെ കുളത്തിൽ മൂന്നുമാസം പ്രായമായ കാട്ടാന കുട്ടിയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ട്. ഉടൻതന്നെ ഫാം അധികൃതർ വനം വകുപ്പുമായി ബന്ധപ്പെട്ടു.
കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ നിറയെ ചെളിയുള്ള കുളത്തിൽ കാട്ടാന കുട്ടി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.കുളത്തിൽ വീണ കാട്ടാനയെ രക്ഷിക്കാൻ മറ്റ് കാട്ടാനകൾ ശ്രമം നടത്തിയതിന്റെ തെളിവുകളും സമീപത്തായി കാണാവുന്നതാണ്.
ഏതാനും നാളുകൾക്ക് മുൻപെ പ്രദേശത്തുനിന്ന് കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ട് .ബൈക്കിൽ വരികയായിരുന്ന കള്ളുചെത്തുതൊഴിലാളികളെ കാട്ടാന കഴിഞ്ഞ ദിവസം ആക്രമിക്കാൻ ശ്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തിരുന്നു.
എടൂർ വെറ്ററിനറി സർജൻ ഡോ. നവാസ് ശരീഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി കുളക്കരയിൽ കുഴിയെടുത്ത് ജഡം സംസ്കരിച്ചു.ഫോറസ്റ്റർമാരായ കെ. ജിജിൽ, സി.കെ. മഹേഷ്, ആറളം ഫാം സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ, ആറളം എസ്.ഐ.ഇ. എസ്. പ്രസാദ് എന്നിവരും സ്ഥലത്തെത്തി.ആനകളെ ഫാമിനുള്ളിൽ സ്വൈര്യ വിഹാരം നടത്തുന്നതായി പറയുന്ന നാട്ടുകാർ ഇവയെ വനത്തിലേക്ക് തുരത്താൻ നടത്തുന്നുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെടുന്നു.