സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങൾ. 1984 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ, 3,000-ത്തിലധികം സിഖ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അക്രമാസക്തരായ ജനക്കൂട്ടങ്ങളാൽ കൊല്ലപ്പെട്ടു. സിഖ് പുരുഷന്മാരുടെ കഴുത്തിൽ ടയറുകൾ ഘടിപ്പിച്ച് കത്തിച്ചു. മറ്റുള്ളവരെ വെടിവച്ചു കൊല്ലുകയോ വെട്ടുകയോ ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. ആ നാല് ദിനങ്ങളിൽ സിഖ് ജീവിതങ്ങൾക്ക് മുകളിൽ വീണ ചോരക്ക് കണക്കില്ല എന്ന് തന്നെ പറയാം.
പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് ഇന്ദിര ഗാന്ധി നടത്തിയ ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ പ്രതികാരമായാണ് അവർ കൊല്ലപ്പെടുന്നത്. സിഖ് വംശജരായ അംഗരക്ഷകരാൽ ഇന്ത്യയുടെ ഉരുക്കുവനിത കൊല്ലപ്പെട്ടതിന്റെ ബാക്കി പത്രമാണ് തെരുവിൽ നടന്ന കൂട്ടക്കൊല. ഇന്ദിര കൊല്ലപ്പെട്ടതിന്റെ ആദ്യ മണിക്കൂറുകളിൽ തലസ്ഥാനം ശാന്തമായിരുന്നു. എന്നാൽ പിന്നെ നടന്നത് അങ്ങേയറ്റം അപലപനീയമായ കാര്യങ്ങളാണ്. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയിലെ അംഗങ്ങൾ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതും ആക്രമണത്തിൽ പങ്കാളികളാകുന്നതും കണ്ടതായി നിരവധി സാക്ഷികൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ കൊലപാതകങ്ങളെ “സംഘടിത കൂട്ടക്കൊല” എന്നാണ് വിശേഷിപ്പിച്ചത്.
രാജ്യം കത്തിയമരുമ്പോൾ, എങ്ങും നിലവിളികൾ മുഴങ്ങുമ്പോൾ, പ്രാണൻ വിട്ടുപോകുന്നതിന്റെ ഞെരക്കങ്ങൾ പോലും ഉയർന്നു കേൾക്കുമ്പോൾ പോലീസ് എവിടെയായിരുന്നു. ഈ ചോദ്യം പ്രസക്തമാണെങ്കിലും ഉത്തരം ലളിതമാണ്. അവർ കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. മാത്രമല്ല അവർ കലാപകാരികളെ സഹായിക്കുക കൂടിയായിരുന്നു. സഹായം മാത്രമല്ല അവർ കൊലപാതകങ്ങളും ബലാൽസംഘങ്ങളിലും കൊള്ളകളിലും പങ്കെടുക്കുക കൂടിയായിരുന്നു. കൊലപാതകം തടയാൻ പോലീസ് ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്നും കൂട്ടക്കൊലയിൽ സജീവമായി പങ്കെടുത്തെന്നും ദൃക്‌സാക്ഷികൾ ഔദ്യോഗിക അന്വേഷണ കമ്മീഷനെ അറിയിച്ചിരുന്നു.
1984 ജൂണിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ സിഖ്‌കാരിൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങാൻ പോലും സമയം ലഭിക്കുന്നതിന് മുൻപാണ് 1984 നവംബറിലെ സിഖ് വംശഹത്യ കൂടി അരങ്ങേറുന്നത്. ബ്ലൂസ്റ്റാർ ഓപ്പറേഷന് പിന്നിൽ ന്യായമെന്ന് പറയപ്പെടുന്ന ഒരു കാരണം ഉണ്ടായിരുന്നു. എന്നാൽ സിഖ്‌കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ ഒട്ടും ന്യായമായിരുന്നില്ല. ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് കലാപകാരികളായ നേതാക്കളാണ് എങ്കിൽ ഡൽഹിയിൽ കൊല്ലപ്പെട്ടത് സാധാരണക്കാരായ മനുഷ്യരായിരുന്നു.
പ്രായം പോലും നോക്കാതെയാണ് കൊലപാതകങ്ങൾ അരങ്ങേറിയത്. ശഹീദ് ഗുരുദ്വാരയിൽ പ്രദർശിപ്പിച്ച കൊല്ലപ്പെട്ടവരിൽ ചിലരുടെ ചിത്രങ്ങളിൽ നിന്ന് അക്കാര്യം മനസിലാക്കാം. കുട്ടികളും മുതിർന്നവരും വയോധികരും സ്ത്രീകളും ഉൾപ്പെടെ മൂന്ന് ദിവസം നിന്ന് കത്തുകയായിരുന്നു. അവരുടെ ജീവിതം താറുമേൽ മറിക്കപ്പെട്ടു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ശിക്ഷാവിധിയാണ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായത്. പോലീസ് പലപ്പോഴും പരാതികൾ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയോ എല്ലാ കുറ്റകൃത്യങ്ങളും ഉൾക്കൊള്ളുന്ന അവ്യക്തമായ “ഓമ്‌നിബസ് എഫ്‌ഐആറുകൾ” രജിസ്റ്റർ ചെയ്യുകയോ ചെയ്തതായി രക്ഷപ്പെട്ടവർ റിപ്പോർട്ട് ചെയ്തു. പോലീസ് കൂടി പ്രതിസഥാനത്ത് നിൽക്കുന്ന ഒരു കൊലപാതക പരമ്പരയിൽ ശിക്ഷ നീട്ടികൊണ്ട് പോകാൻ അവരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിലേ ഇന്ത്യയിൽ അത്ഭുദപ്പെടേണ്ടത് ഒള്ളൂ.
ഡൽഹിയിൽ, കൂട്ടക്കൊലയുമായി ബന്ധപ്പെട്ട 587 പ്രഥമ വിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. അതിൽ 247 എണ്ണം കണ്ടെത്താൻ സാധിച്ചില്ല എന്ന് കാണിച്ച് ഡൽഹി പോലീസ് ക്ളോസ് ചെയ്തു. അതായത്,
തൊട്ടുമുന്നിൽ അങ്ങേറിയ സംഭവത്തിൽ അവർക്ക് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. 36 വർഷങ്ങൾക്ക് ശേഷം, തങ്ങളുടെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയതിനും അക്രമികളെ സംരക്ഷിച്ചതിനും കുറ്റം ചുമത്തപ്പെട്ട വിരലിലെണ്ണാവുന്ന പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
1984-ലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് 3000 ത്തിലേറെ മനുഷ്യരാണെങ്കിൽ അതിന്റെ ഇരകളായി ജീവിക്കേണ്ടി വന്നത് അതിലേറെ മനുഷ്യർക്കാണ്. കുട്ടികളെ നഷ്ടമായ രക്ഷിതാക്കൾ, അച്ഛനെ നഷ്ടമായ മക്കൾ, അമ്മയെ നഷ്ടമായ മക്കൾ, വിധവയാകേണ്ടി വന്നവർ, അനാഥരായവർ, ക്രൂരമായി പരിക്കേറ്റവർ, ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നവർ, വികലാംഗരായവർ അങ്ങിനെ മുറിവേറ്റവർ ഒരുപാടുണ്ട്. ഈ കൂട്ടക്കൊലയിൽ നിന്ന് അതിജീവിച്ചവരുടെ വേദന അവസാനിച്ചിട്ടില്ല. അക്രമത്തെ തുടർന്നുണ്ടായ വേദനയും അനീതിയും സഹിച്ച് അവരുടെ മക്കൾ ഇപ്പോഴും ജീവിക്കുന്നു.