കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മഡഗാസ്കർ കടുത്ത വരൾച്ചയിലും പട്ടിണിയിലുമാണ്. ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിന്റെ തെക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ പട്ടിണിമൂലം ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ കഴിയുകയാണ്. വരളച ഭീകരമായതിനാൽ കുടിക്കാൻ വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് ഇവിടുത്തെ ജനം. ലോകത്തിന്റെ ഒരു ഭാഗത്ത് ചൊവ്വാ പര്യവേഷണം മുതൽ വലിയ കാര്യങ്ങളിൽ വ്യാപൃതരാകുമ്പോൾ മറ്റൊരു വശത്ത് മനുഷ്യർ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ മരിച്ചുവീഴുകയാണ്. ഈ അത്യാധുനിക കാലത്തും ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാൻ ലോക രാജ്യങ്ങളുടെ ഇടപെടൽ നടക്കുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
“അഗാധമായ വിശപ്പുണ്ട്, വെള്ളത്തിന്റെ ലഭ്യതയുടെ അഭാവമുണ്ട്, ആരോഗ്യ സൗകര്യങ്ങളുടെ അഭാവമുണ്ട്. കുട്ടികളെ പ്രത്യേകിച്ച് മോശമായി ബാധിക്കുന്നു,” – ഇതാണ് നിലവിലെ മഡഗാസ്കറിലെ ജനങ്ങളുടെ അവസ്ഥ. അൽജസീറയോട് ആംനസ്റ്റിയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് വ്യക്തമാക്കി.
വരൾച്ച ബാധിതമായ തെക്കൻ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മഡഗാസ്കർ സർക്കാരിനോടും ലോകത്തിന്റെ മറ്റു ഭാഗങ്ങളോടും ആംനസ്റ്റി ഇന്റർനാഷണൽ അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും നടപടികൾ എവിടെയും കാര്യമായി എത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനം മൂലം മാസങ്ങൾ നീണ്ടുനിൽക്കുന്ന വരൾച്ച 40 വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയാണെന്ന് ആംനസ്റ്റി പറയുന്നു. ജനസംഖ്യയുടെ 90 ശതമാനത്തിലേറെയും ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു പ്രദേശത്തെ ഇത് ബാധിക്കുന്നു, പലർക്കും കുടിയേറ്റം ഒഴികെ മുന്നിൽ മറ്റു വഴികളില്ലാതായി തീർന്നിരിക്കുന്നു.
മഡഗാസ്‌കറിന്റെ വരണ്ടുണങ്ങിയ തെക്കേ അറ്റത്തുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയുടെ വക്കിലാണ്. ചിലർ ഇതിനകം മരിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ഗ്ലോബൽ റൈറ്റ്സ് വാച്ച്‌ഡോഗ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ മഡഗാസ്കറിനെ സഹായിക്കുന്നതിന് മാനുഷിക സഹായം നൽകാനും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകാനും അത് സമ്പന്ന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
“കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വികസ്വര രാജ്യങ്ങളിലെ ആളുകൾക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഗുരുതരമായ അനീതിയാണ്, കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയത് അവരാണ്,” റൈറ്റ് ഗ്രൂപ്പ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമാണ് വരൾച്ചയ്ക്ക് കാരണമെന്ന് യുഎൻ ആവർത്തിച്ച് ആരോപിച്ചു. കാലാവസ്ഥ വ്യതിയാനം കാരണം കളകളും കള്ളിച്ചെടികളും ഭക്ഷിക്കേണ്ട അവസ്ഥയിലാണ് ജനം. ജനുവരിയിൽ, യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) തെക്കൻ മഡഗാസ്കറിലെ വിശപ്പിനെതിരെ പോരാടുന്നതിന് 35 മില്യൺ ഡോളർ അടിയന്തര സഹായത്തിനായി അഭ്യർത്ഥിച്ചു.
രാജ്യത്തെ 25 ദശലക്ഷം ജനങ്ങളിൽ മുക്കാൽ ഭാഗവും ദാരിദ്ര്യത്തിലാണ്. 1896 മുതൽ മഡഗാസ്കർ 16 ഭക്ഷ്യ പ്രതിസന്ധികളിലൂടെ കടന്നുപോയ മഡഗാസ്കറിന് ഇപ്പോഴത്തെ സ്ഥിതി അതിജീവിക്കാനാകുമോ എന്നത് സംശയമാണ്. കാലാവസ്ഥാ മാറ്റം മൂലമുണ്ടായ പ്രതിസന്ധിയിൽ ഏറ്റവും ഭീതിതമാണ് ഇപ്പോഴത്തേത്. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പ്രധാന പങ്കുവഹിക്കുന്നത് സമ്പന്ന രാജ്യങ്ങളാണെങ്കിലും അതിന്റെ ഫലങ്ങൾ നിലവിൽ അനുഭവിക്കേണ്ടി വരുന്നത് മഡഗാസ്കർ, ഹെയ്ത്തി പോലെയുള്ള ചെറിയ രാജ്യങ്ങളാണ്. നാളെ ഇതേ വിധി വലിയ രാജ്യങ്ങളെയും തേടിവരും.