കൊറോണ വൈറസ് ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയിലെ ഏഴ് പേരില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ പുറത്ത് വിട്ട ജനിതക സീക്വന്‍സിങ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്.
AY.4.2 എന്നറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ന്ന രോഗതീവ്രതയോ മരണമോ ഉണ്ടാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്വേഷണത്തിലുള്ള വകഭേദം(വേരിയന്‍റ് അണ്ടര്‍ ഇന്‍വസ്റ്റിഗേഷന്‍) എന്ന വിഭാഗത്തിലാണ് ഡെല്‍റ്റ പ്ലസിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തങ്ങളുടെ ഡേറ്റ ബേസില്‍ 10ല്‍ താഴെ കേസുകള്‍ മാത്രമേ AY.4.2 മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഒക്ടോബര്‍ 21ന് അറിയിച്ചു. അതേ സമയം യുകെ ആരോഗ്യ അധികൃതര്‍ ഡെല്‍റ്റ പ്ലസ് മൂലമുള്ള 15,120 കേസുകള്‍ കണ്ടെത്തി. പ്രബലമായ ഡെല്‍റ്റ വകഭേദത്തേക്കാല്‍ വേഗത്തില്‍ പടരാന്‍ കഴിയുമെന്നതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദം നിരീക്ഷണത്തിലാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. എന്നാല്‍ ഡെല്‍റ്റയേക്കാൾ കൂടുതല്‍ തീവ്രമാണെന്നോ വാക്സീനുകളെ ഈ വകഭേദം നിഷ്പ്രഭമാക്കുമെന്നോ ഇതേ വരെ സൂചനകളില്ല.
ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് യുകെ അടക്കമുള്ള രാജ്യങ്ങളില്‍ നിലവിലെ പ്രബല വൈറസ് വകഭേദം. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കേസുകളുടെ 99.8 ശതമാനവും ഡെല്‍റ്റ വകഭേദം മൂലമാണ്. എന്നാല്‍ യുകെയിലും റഷ്യയിലും ഇസ്രായേലിലും അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് പിന്നില്‍ ഡെല്‍റ്റ പ്ലസ് വകഭേദമാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്.
















