കുത്തിയൊഴിയെത്തുന്ന വെള്ളം തടഞ്ഞ് നിർത്തുന്ന ഏതൊരു ഡാമുകളെയും ജലബോംബുകൾ എന്ന് വിശേഷിപ്പിക്കാം. എന്നാൽ ഈ പേരിപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച് കേൾക്കുന്നത് മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണ്. കേരളത്തിലെ മറ്റെല്ലാ ഡാമുകളിൽ നിന്നും വ്യത്യസ്തമായി മുല്ലപ്പെരിയാർ ഭീതി വിതയ്ക്കുന്നത് വലിയൊരു സമൂഹത്തിനെയാണ്. മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനു താഴെയുള്ള നിരവധി ഡാമുകളും പൊട്ടിത്തകരും. ബലക്ഷയം ഇല്ല എന്ന് അധികാരികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും അപകടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചല്ല വരാറുള്ളത് എന്നതിനാൽ ജനങ്ങളുടെ ഭയത്തെ തള്ളിക്കളയാനാകില്ല. മഴതുടരുന്ന സാഹചര്യത്തിൽ ഡാമിന്റെ കാര്യത്തിൽ സർക്കാർ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഡാമിന്റെ കാലപ്പഴക്കം, ചോർച്ച, ബലക്ഷയം എന്നിവയാണ് പ്രധാനവെല്ലുവിളികൾ. ഈ വെല്ലുവിളി കേരളത്തിന്റെ മധ്യഭാഗത്തെ മുക്കിക്കളയാൻ തക്ക സാധ്യതയുള്ളതാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലെ ജനങ്ങൾക്കാണു മുല്ലപ്പെരിയാർ ഭീഷണിയുയർത്തുന്നത്. മുല്ലപ്പെരിയാറിനു താഴെ പെരിയാറിലുള്ള ഇടുക്കി, ചെറുതോണി, കുളമാവ്, ലോവർ പെരിയാർ, ഭൂതത്താൻകെട്ട് എന്നീ ഡാമുകൾക്കും ഭീഷണിയാകും. പെരിയാർ കായലിൽ ചേരുന്ന വരാപ്പുഴ ഭാഗത്ത് ജലനിരപ്പ് 5 മീറ്റർ വരെ ഉയരാമെന്നാണു പഠനം. മുല്ലപ്പെരിയാറിന് 47 കിലോമീറ്റർ താഴെയാണ് ഇടുക്കി ഡാം. മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ പ്രളയജലവും മറ്റും ഒഴുകി ഇടുക്കി ഡാമിൽ എത്തും.
ഈ പ്രളയം താങ്ങാൻ ഇടുക്കി ഡാമിനു കഴിയില്ല. ചെറുതോണി ഡാമിനു മാത്രമാണു സ്പിൽവേയുള്ളത്. ഇടുക്കി, കുളമാവ് ഡാമുകൾക്കു സ്പിൽവേയില്ല. ചെറുതോണി ഡാമിന്റെ സ്പിൽവേയിലൂടെ മാത്രം ഈ പ്രളയജലം പുറത്തേക്ക് ഒഴുക്കാൻ കഴിയില്ല. മൂന്നു ഡാമുകൾക്കും മുകളിലൂടെ പ്രളയജലം ഒഴുകും. ഈ ഡാമുകളുടെ സുരക്ഷയെ അവ ബാധിക്കും. സമാനമായ രീതിയിൽ ലോവർ പെരിയാർ, ഭൂതത്താൻകെട്ട് ഡാമുകളെയും ബാധിക്കും.
ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F418962669597934&show_text=true&width=500
സിനിമാതാരം ഉണ്ണി മുകുന്ദനാണ് നിലവിൽ ഡാമിന്റെ കാര്യം വീണ്ടും ചർച്ചയാക്കുന്നത്. ജനലക്ഷങ്ങളുടെ ജീവന് മേൽ ഭീഷണിയായി തുടരുന്ന ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. ഉണ്ണി മുകുന്ദന് പിന്നാലെ നടൻ പൃഥ്വിരാജ് വിഷയത്തിൽ സമാന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോട് കൂടി വിഷയം സോഷ്യൽ മീഡിയയുടെ എല്ലാ പ്ലാറ്റുഫോമുകളിലും വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും സജീവമായി. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F451747752984450&show_text=true&width=500
നേരത്തെ പുതിയ ഡാം എന്ന ആവശ്യമുന്നയിച്ചിരുന്ന എൽഡിഎഫ് നിലവിൽ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന നിലപാടിൽ മലക്കം മറിച്ചിലിലാണ്. ഭീതി പരത്തിയാൽ നടപടിയെടുക്കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. തലക്ക് മുകളിൽ ജീവനും ജീവിതവും നഷ്ടപ്പെടുത്താൻ സാധ്യതയുള്ള ബോംബ് നിൽക്കുമ്പോൾ ജനങ്ങൾ ഭീതിതരാകുന്നത് സ്വാഭാവികം മാത്രമാണ്. അതിനെ അസ്വാഭാവികമായി കാണാനും നടപടിയെടുക്കാനും അല്ല ഭരണകൂടം മുന്നിട്ടിറങ്ങേണ്ടത്. അവരുടെ ഭീതി അകറ്റാൻ, അവരെ സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് നിലപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ തുറന്നുകാട്ടിയതാണെന്ന പ്രസ്താവനയുമായി മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ രംഗത്ത് വന്നു. മുല്ലപ്പെരിയാര്‍ ഡി കമ്മിഷന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാര്‍ത്താക്കുറിപ്പ്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്’- വി.എസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയില്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം നല്‍കിയ പത്രക്കുറിപ്പും, അതേ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficialVSpage%2Fposts%2F2889867671324053&show_text=true&width=500
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങളായി വി.എസ് പറയുന്നത് ഇക്കാര്യങ്ങളാണ്.
1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി.
2. തമിഴ്നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.
3. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
4. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും
5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.
ഇതിനിടെ, നാളെ (ബുധനാഴ്ച) മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് എത്ര അടിയായിരിക്കണമെന്ന് അറിയിക്കാൻ മേൽനോട്ട സമിതിയോട് സുപ്രീംകോടതി നിർദേശിച്ചു. ‘ഇത് ജനങ്ങളുടെ ജീവനും സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണ്. കേരളത്തിന്റെ ഉത്കണ്ഠ മനസ്സിലാക്കണം. രാഷ്ട്രീയം കളിക്കേണ്ട വിഷയമല്ല. ബന്ധപ്പെട്ടവരുടെ ഏകോപിത പ്രവർത്തനമാണ് വേണ്ടത്. രണ്ടു ദിവസത്തിനകം തീരുമാനം വേണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അപകടത്തിന്റെ ആഴം കോടതിക്ക് അറിയില്ല. ജലനിരപ്പ് എത്രയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്. ഇക്കാര്യത്തിൽ ഇനി അമാന്തം പാടില്ല. നടപടി ഉണ്ടാകാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവരുന്നത്. സമിതിയുടെ ശിപാർശ കിട്ടിയശേഷം ജലനിരപ്പ് പരിധി നിശ്ചയിക്കാമെന്നും ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവർ പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സുരക്ഷ ജലനിരപ്പിന്റെ ഉയർച്ച താഴ്ചകളെ കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ജലനിരപ്പ് ഇപ്പോൾ 142 അടിക്കു മുകളിൽ കൂടാൻ പാടില്ല. 137 അടിയിൽ ജലനിരപ്പു കൂട്ടരുതെന്നാണു കേരളത്തിന്റെ വാദം. ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കണമെന്നാണു തമിഴ്നാടിന്റെ വാദം. 152 അടിയിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണു കേരളത്തിന്റെ നിർദേശപ്രകാരം പഠനം നടത്തിയത്. വിഷയത്തിൽ കേരള-തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല യോഗം വൈകിട്ട് മൂന്നിന് നടക്കും. കൂടാതെ, സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരത്തും ഇടുക്കിയിലും പ്രത്യേക യോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്.
ഇതിനിടെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2200 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2077.42 ഘനയടി ജലമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം സെക്കൻഡിൽ 2200 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോയിരുന്നത്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവായിരുന്നു ഇത്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും.
ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ഇക്കാര്യമുയർത്തി രംഗത്ത് വന്നിട്ടുണ്ട്.
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കേരളത്തിന് തനിച്ച് തീരുമാനമെടുക്കാൻ സാധിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. തമിഴ്‌നാടിന്റെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഡാം ഡീക്കമീഷൻ ചെയ്ത് പുതിയത് നിർമിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. ജലതർക്കത്തിന്റെ പേരിൽ കാലങ്ങളോളം കോടതി കയറിയ വിഷയമായതിനാൽ ഡാം നിർമാണം നടത്താൻ കേന്ദ്ര സർക്കാരിന്റെ കൂടി വ്യക്തമായ ഇടപെടൽ വേണം. അധികാര തർക്കങ്ങൾക്കപ്പുറം ഒരു ദുരന്തമുണ്ടായാൽ അത് തീർക്കുന്ന നാശനഷ്ടങ്ങൾ, ജീവഹാനി എന്നിവ മുൻനിർത്തിവേണം ചർച്ചകൾ നടത്തുവാൻ.