പെരുവള്ളൂർ കാടപ്പടിയിൽ മലബാർ കലാപ വാർഷിക സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി കെ ടി ജലീൽ(K T Jaleel). അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മണ്ണിടിച്ചിലിൽ രണ്ട് കുട്ടികളെ നക്ഷ്ടപെട്ട സിദ്ധിഖിൻ്റെ വീട് സന്ദർശിച്ചപ്പോൾ അവിടെത്തെ അവസ്ഥയും ഒപ്പം വഴികാട്ടിയായി കൂടെ വന്ന കുഞ്ഞുകുട്ടൻ സഖാവിൻ്റെ വീട് സന്ദർശിച്ചപ്പോളുള്ള അനുഭവവുമാണ് അദ്ദേഹം കുറിച്ചത്.
കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
പെരുവള്ളൂർ കാടപ്പടിയിൽ സി.പി.എം സംഘടിപ്പിച്ച മലബാർ കലാപ വാർഷിക സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ച വീട് സന്ദർശിക്കാൻ പാർട്ടിക്കാർ പറഞ്ഞത്. വഴി കാട്ടാൻ കുഞ്ഞുകുട്ടൻ സഖാവിനെയാണ് കൂട്ടിനയച്ചത്. അൽപദൂരം യാത്ര ചെയ്താണ് വേദന കടിച്ചിറക്കി കഴിയുന്ന ആ കുടുംബം ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിലെത്തിയത്. രണ്ട് കുട്ടികൾ മണ്ണിനടിയിൽ പെട്ട് ദാരുണമായി മരണപ്പെട്ടതിൻ്റെ ദു:ഖം മുഴുവൻ അകംപേറി പിതാവ് സിദ്ദീഖ് അവിടെത്തന്നെയുണ്ടായിരുന്നു. തിമർത്തുപെയ്ത മഴയിൽ പണി നടന്ന് കൊണ്ടിരിക്കുന്ന പുതിയ വീട് നിരങ്ങി താഴേക്ക് പതിച്ചത് പഴയ വീടിൻ്റെ അടുക്കള ഭാഗത്തുള്ള റൂമിൻ്റെ ചുമരിലേക്കാണ്. മതിൽ തകർത്ത് മണ്ണും കല്ലും വെള്ളവും ഒലിച്ചിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരി റിസ്വാനയേയും ഏഴുമാസം പ്രായമായ റിൻസാനയേയും ഇനി ഒരിക്കലും ഉണരാത്ത വിധം പ്രകൃതിയുടെ കനത്ത പരുക്കൻ പുതപ്പ് കൊണ്ട് മൂടി. പുലർച്ചെ നാലുമണിക്ക് നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ മരണക്കയത്തിൽ നിന്ന് സിദ്ദീഖിൻ്റെ ഭാര്യയെ രക്ഷിച്ചെടുത്തി. മണ്ണിൻ്റെ മൂടുപടം നീക്കി രണ്ട് ഓമനമക്കളെ വെളിച്ചത്ത് എത്തിച്ചപ്പോഴേക്ക് അവർ ഈ ലോകം വിട്ട് അങ്ങ് ദൂരേക്ക് പറന്നകന്നിരുന്നു. കാസർഗോട്ട് ബേക്കറിപ്പണി നടത്തുന്ന സിദ്ദീഖിനെയും എല്ലാറ്റിനും സാക്ഷിയായ അദ്ദേഹത്തിൻ്റെ ഉപ്പയേയും സമാശ്വസിപ്പിക്കാൻ പദാവലികളിൽ വാക്കുകൾ പരതിയെങ്കിലും തോറ്റുപോയി. മൺമറഞ്ഞ പൈതങ്ങൾക്കായി മനസ്സിൽ പ്രാർത്ഥിച്ച് സിദ്ദീഖിനോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവിടം മുഴുവൻ ദു:ഖവും മൗനവും തളംകെട്ടി നിന്നിരുന്നു.
മടക്കത്തിൽ സഖാവ് കുഞ്ഞുകുട്ടൻ അദ്ദേഹത്തിൻ്റെ വീട്ടിലൊന്ന് കയറാൻ സ്നേഹപൂർവ്വം നിർബന്ധിച്ചു. ഒരുപോലെയുള്ള രണ്ട് വീടുകൾ സ്ഥിതിചെയ്യുന്ന വൃത്തിയും വെടിപ്പുമുള്ള പച്ചപ്പ് കൊണ്ട് അലംകൃതമായ ഒരു കോമ്പൗണ്ടിലേക്ക് അദ്ദേഹം വഴികാട്ടി. തൻ്റെ രണ്ട് മക്കളും ജന്മനാ കണ്ണുകാണാത്തവരാണെന്നും അവരുടെ വീടുകളാണിതെന്നും സഖാവ് പറഞ്ഞു. എൻ്റെ ജിജ്ഞാസ വർധിച്ചു. മുത്തുവാണ് ആദ്യമെത്തിയത്. തുഞ്ചൻ ഗവ:കോളേജിലെ മലയാളം അസിസ്റ്റൻ്റ് പ്രൊഫസറാണ് അദ്ദേഹമെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്ത വീട്ടിൽ നിന്ന് അനുജൻ ബിജുവും വന്നു. പെരുവള്ളൂർ ഗവ: ഹയർ സെക്കൻ്റ്റി സ്കൂൾ മലയാളം അദ്ധ്യാപകനാണ് ബിജു. ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത് സഹോദരിമാരായ രജനിയേയും രജിതയേയുമാണ്. കുഞ്ഞുകുട്ടൻ സഖാവിൻ്റെ ഭാര്യ പത്മിനി നിറചിരിയോടെ ഞങ്ങളുടെ സംസാരം കേട്ട് അരികിൽതന്നെ നിന്നു. മുത്തുവും ബിജുവും “നെറ്റ്” പാസ്സായവരാണ്. രണ്ടാളും ഡിഗ്രി പഠിച്ചത് ഫാറൂഖ് കോളേജിലാണ്. പി.ജി യൂണിവേഴ്സിറ്റി കേമ്പസിലും. ഇരുവർക്കും ഹയർ സെക്കൻ്ററിയിലാണ് ജോലി കിട്ടിയത്. മുത്തുവിന് കോളേജിൽ പഠിപ്പിക്കാനായിരുന്നു താൽപര്യം. അധികം വൈകാതെ ആ ആഗ്രഹം നടന്നു. ബിജുവിന് ഹയർസെക്കൻ്ററി അദ്ധ്യാപനമാണ് ഇഷ്ടപ്പെട്ടത്. അത് കൊണ്ട് തന്നെ കോളേജിലേക്ക് ശ്രമിച്ചില്ല. മുത്തു പി.എച്ച്.ഡി എടുക്കാനുള്ള ഒരുക്കത്തിലാണ്. ബിജുവാകട്ടെ ഔദ്യോഗിക പഠനം വേണ്ടെന്ന തീരുമാനത്തിലും. സഖാവ് കുഞ്ഞുകുട്ടൻ്റെയും ഭാര്യ പത്മിനിയുടെയും മുഖത്ത് സന്തോഷം പെയ്തിറങ്ങുന്നത് ഞാൻ കണ്ടു. ഭിന്നശേഷിക്കാരായ രണ്ടു മക്കളെ വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ സ്നേഹസ്വരൂപരായ ആ അച്ഛനമ്മമാരുടെ കാൽപാദങ്ങൾ മനസ്സ് കൊണ്ട് തൊട്ട് വന്ദിച്ചു. സകുടുംബം ഫോട്ടോ എടുത്താണ് ഞങ്ങൾ പിരിഞ്ഞത്. കാറിൽ കയറി യോഗസ്ഥലത്തേക്ക് പോകുമ്പോൾ എഴുപത്തിനാലുകാരനായ കുഞ്ഞുകുട്ടേട്ടൻ ദീർഘനിശ്വാസമിട്ട് പറഞ്ഞു: “രണ്ടാൾക്കും ജോലി കിട്ടിയത് കൊണ്ട് വലിയ സമാധാനമുണ്ട്”. സഖാവിൻ്റെ ആ വാക്കുകളിലുണ്ടായിരുന്നു ഒരു പിതാവിൻ്റെ ഹൃദയം മുഴുവൻ.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

















