കോവിഡ് കാലത്തെ പ്രയാസങ്ങൾ ഏറ്റവുമധികം ബാധിച്ചവരാണ് വിദേശനാടുകളിൽ വിയർപ്പൊഴുക്കുന്ന പ്രവാസികൾ. അതിർത്തികൾ അടച്ചതോടെ നാട്ടിൽ ലീവിന് എത്തിയ പലർക്കും തിരിച്ച് പോക്ക് സാധ്യമായില്ല. ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിലെ പ്രവാസികളാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലായത്. കോവിഡ് നിയന്ത്രണങ്ങൾ നീണ്ടുപോകുന്നതിന് അനുസരിച്ച് വിസയും മറ്റും ഗൾഫ് രാജ്യങ്ങൾ നീട്ടി നൽകിയിരുന്നു.
എന്നാൽ യാത്ര സൗകര്യങ്ങൾ പഴയത് പോലെ ആയ നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. കോവിഡ് കാലം അവരെ അത്രത്തോളം ദുരിതത്തിലാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ മൂന്നോ വർഷം അവിടെ ജോലിയെടുത്ത്, ആവശ്യങ്ങൾക്ക് ശേഷം കൂട്ടിവെക്കുന്ന സമ്പാദ്യവുമായാണ് ഓരോ മലയാളികളും നാട്ടിൽ എത്താറുള്ളത്. ഒരു മാസം മുതൽ പരമാവധി ആറ് മാസത്തെ ലീവിനാണ് സാധാരണ നിലയിൽ എത്താറുള്ളത്. ഈ സമയത്തെ ചിലവിനുള്ള പണം മാത്രമേ അവരുടെ കൈവശം ഉണ്ടാകൂ. ഇതിനിടക്ക് ചിലപ്പോൾ കടവും വാങ്ങിയിട്ടുണ്ടാകും. കോവിഡ് കാലം തിരിച്ച് പോക്ക് അസാധ്യമാക്കിയപ്പോൾ ഈ കുടുംബങ്ങളിലെല്ലാം വറുതിയുടെയും ദിനങ്ങൾ വന്നു.
ഇതുവരെയുണ്ടായ കഷ്ടപ്പാടുകളിൽ നിന്ന് മാറാനാണ് എത്രയും വേഗം തിരിച്ച് പോകാൻ ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ നിലവിൽ യുഎഇയിലേക്ക് പോകാൻ പ്രവാസികൾക്ക് മുന്നിൽ ഒരു അഗ്നിപരീക്ഷ കഴിയേണ്ടതുണ്ട്. റാപിഡ് പിസിആർ ടെസ്റ്റ്. മറ്റു രാജ്യങ്ങളിലേക്ക് പോകാൻ രണ്ടു ദിവസം മുൻപ് എടുത്ത ആർടിപിസിആർ ടെസ്റ്റ് മതിയെന്നിരിക്കെയാണ് യുഎഇയിലേക്ക് പോകാൻ ഈ കടമ്പ മുന്നിലുള്ളത്. ഇതിന്റെ ചെലവും ഉയർന്ന വിമാനനിരക്കും കൂടിയാകുമ്പോൾ പ്രവാസികളുടെ നെഞ്ചിടിക്കുകയാണ്.
പോകാൻ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ രണ്ട് ദിവസം മുൻപ് 500 രൂപ മുടക്കി ആർടിപിസിആർ എടുത്ത് ഫലം നെഗറ്റീവ് ആകുമ്പോൾ മാത്രമാണ് ഇവർ യാത്രക്ക് ഒരുങ്ങുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയിൽ കൂടുതലാണ് നിലവിലെ ടിക്കറ്റ് നിരക്ക്. വൈകി എടുക്കുംതോറും നിരക്ക് കൂടി കൂടി വരും. 15000 മുതൽ 30000, 50000 വരെയൊക്കെ ടിക്കറ്റ് നിരക്ക് ആകുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് വിമാനത്താളത്തിൽ നിന്നും എടുക്കേണ്ട റാപിഡ് പിസിആർ. 2500 രൂപയാണ് ഇതിന് ഈടാക്കുന്നത്.
വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന റാപിഡ് പിസിആർ ടെസ്റ്റിന്റെ ഫലം അരമണിക്കൂറിനകം അറിയാം. എന്നാൽ ഈ ഫലം പോസിറ്റീവ് ആയാൽ യാത്ര മുടങ്ങും. ഇതോടെ നഷ്ടം പതിനായിരങ്ങളാണ്. മിക്ക സമയത്തും അവസാന നിമിഷ ടിക്കറ്റ് കാൻസലേഷൻ ആയതിനാൽ ടിക്കറ്റ് തുക തിരിച്ച് കിട്ടില്ല. ചുരുക്കത്തിൽ ഈ കടമ്പ കടക്കാനായില്ലെങ്കിൽ യാത്ര മുടങ്ങുന്നതിന് പുറമെ ഭീമമായി തുക നഷ്ടമാവുകയും ചെയ്യും.
ഇതിന് പുറമെ യാത്ര വീണ്ടും തുടങ്ങാൻ കുറഞ്ഞത് 10 ദിവസത്തെയെങ്കിലും കാത്തിരിപ്പ് വേണം. ഈ സമയം കൊണ്ട് ചിലപ്പോൾ പലരുടെയും ജോലി വരെ നഷ്ടപ്പെട്ടേക്കാം. ഇനി യാത്രക്ക് വീണ്ടും ഒരുങ്ങിയാൽ തന്നെ അപ്പോഴും വീണ്ടും ഇതേനിരക്കിലുള്ള പണം വീണ്ടും ചെലവഴിക്കണം.
വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വേണ്ട നടപടികൾ എടുക്കണമെന്ന ആവശ്യം പ്രവാസികൾ ഉന്നയിക്കുണ്ട്. നേരത്തെ 4 മണിക്കൂർ മുൻപായിരുന്നു റാപിഡ് പിസിആർ ടെസ്റ്റ് നടത്തണമെന്ന് യുഎഇ അറിയിച്ചിരുന്നത്. ഇത് തിരുത്തിയാണ് 6 മണിക്കൂർ ആക്കിയത്. സർക്കാർ തലത്തിൽ യുഎഇയിയുമായി സംസാരിച്ചാൽ ഈ ടെസ്റ്റ് ആർടിപിസിആർ മാത്രമാക്കി ചുരുക്കം എന്നാണ് പ്രവാസികൾ പറയുന്നത്. എന്നാൽ ദുബായ് എക്സ്പോ, ട്വന്റി20 വേൾഡ് കപ്പ് എന്നിവ നടക്കുന്ന സമയമായതിനാൽ യുഎഇ അതിന് തയ്യാറാകാൻ സാധ്യത കുറവാണ്.
എന്നാൽ സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ ഉണ്ട്. സംസ്ഥാന സർക്കാരിന് വിമാനത്താവളത്തിൽ നിന്ന് നടത്തുന്ന റാപിഡ് പിസിആർ ടെസ്റ്റിന്റെ നിരക്ക് കുറക്കാം. ടെസ്റ്റിന് ചെലവ് കൂടുതൽ ഉണ്ട്. അതിനാൽ ഇതിന്റെ ഒരു പങ്ക് സർക്കാർ വഹിക്കുകയോ, പൂർണമായി സൗജന്യമാകുകയോ ചെയ്‌താൽ സംസ്ഥാനത്തിന്റെ വലിയ വരുമാന സ്രോതസ്സായ പ്രവാസികളോട് കാണിക്കുന്ന മര്യാദയാകും.
കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ ഇടപെടാൻ ഉണ്ട്. വിമാനക്കമ്പനികളുടെ സംസാരിച്ച് ഇത്തരത്തിൽ ക്യാൻസൽ ആകുന്നവർക്ക് പണം തിരിച്ച് നൽകാനോ യാത്ര മറ്റൊരു ദിവസത്തേക്ക് നീട്ടി നൽകാനോ തീരുമാനമെടുക്കാം. ഒരു സാമൂഹിക പ്രശ്‌നമായ കോവിഡിന്റെ പേരിൽ ഒരു വ്യക്തിക്ക് ഒരൊറ്റ യാത്രക്ക് വേണ്ടി രണ്ടും മൂന്നും തവണ പണം ചെലവഴിക്കേണ്ടി വരുന്നത് നീതിയല്ല.