കാറ്റിൽ പറന്ന കേരളത്തിന്റെ പ്ലാസ്റ്റിക് നിരോധനം

22 മാസങ്ങൾ. ഏകദേശം രണ്ടുവർഷമാകുന്നു കേരളത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലസ്റ്റിക്കിന് നിരോധനമേർപ്പെടുത്തിയിട്ട്. എന്നാൽ എന്താണ് നിലവിലെ സ്ഥിതി. ഗുരുതര രോഗങ്ങൾക്ക് ഉൾപ്പെടെ കാരണമാകുന്ന നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്ക് നിരോധനം കടലാസിൽ മാത്രമായി ചുരുങ്ങി എന്നതാണ് വാസ്തവം. കേരളത്തിലെ ഓരോ തെരുവുകളിലും ഓരോ കടകളിലും ഇപ്പോഴും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സുലഭമാണ്.

2020 ജനുവരി ഒന്നു മുതലായിരുന്നു സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കൻ നിരോധനം ഏർപ്പെടുത്തിയത്. തുടക്കത്തിൽ കർശന പരിശോധനയുമായി മുന്നോട്ട് പോയിരുന്ന സർക്കാർ പിന്നീട് ഇതിൽ നിന്ന് പിന്നാക്കം പോയി. പരിശോധന നിർത്തിയതിന് പറയാൻ കാരണമായി കോവിഡ് ഉണ്ട് എന്നതാണ് സർക്കാരിന് ആശ്വാസം നൽകുന്ന ഘടകം. എന്നാൽ കോവിഡിനൊപ്പം മനുഷ്യർ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയാവുകയും സർക്കാർ വകുപ്പുകൾ സാധാരണ നിലയിലാവുകയും ചെയ്തു. പക്ഷെ പ്ലാസ്റ്റിക്കിന്റെ കാര്യം എല്ലാവരും മറന്നു. 

രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60% മാത്രമാണ് നിലവിൽ പുനരുപയോഗിക്കുന്നത്. ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇവയിൽ നല്ലൊരു പങ്കും കേരളത്തിലാണ്. കോവിഡ് കാലത്തെ മാറ്റി നിർത്തിയാൽ, നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ട് മലിനമായിരുന്നു. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് സ്ട്രോ, ഭക്ഷണ ഉത്‌പന്നങ്ങളുടെ കവറുകൾ തുടങ്ങി 120 മൈക്രോണിൽ താഴെയുള്ള ഉപകരണങ്ങൾ എല്ലായിടത്തും വീണ് കിടക്കുന്നത് സാധാരണമായ കാഴ്ചയായിരുന്നു. ആകർഷകമാകേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അവസ്ഥ ഇതായിരുന്നെങ്കിൽ മറ്റുള്ള ഇടങ്ങളിലെ അവസ്ഥ അതിലും പരിതാപകരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. 

കേരളം നിരോധിച്ച് രണ്ട് വർഷം കഴിയാറായെങ്കിലും പ്ലാസ്റ്റിക് നിരോധിക്കാനുള്ള ബുദ്ധി കേന്ദ്രത്തിന് വന്നത് കഴിഞ്ഞ സെപ്റ്റംബർ 30 ഓടെയാണ്. സെപ്റ്റംബർ 30 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2022 ജനുവരി 1 മുതൽ നിരോധനം നടപ്പിൽ വരും. 120 മൈക്രോണിൽ താഴെയുള്ള കാരി ബാഗുകൾ, 60 ജിഎസ്എം, 240 മൈക്രോണിൽ താഴെയുള്ള ബാഗുകൾ എന്നിവ നിരോധിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന, ഉപയോഗം എന്നിവയാണ് നിരോധിക്കുന്നത്. പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള തെർമോകോൾ എന്നിവ വരുന്ന ജനുവരി 1ന് അകം നിരോധിക്കാനാണ് കേന്ദ്ര തീരുമാനം.

രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതൽ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികൾ, കപ്പുകൾ, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങൾ ഇളക്കാനുള്ള കോലുകൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് പിവിസി ബാനറുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.

ഈ നിരോധനം ഏറെ അത്യാവശ്യമായ ഒരു ഘട്ടത്തിലാണ് എന്ന് പറയാതിരുന്നകൂടാ. കാരണം, 2018-19 കാലയളവിൽ  രാജ്യത്ത് 33 ലക്ഷം മെട്രിക് പ്ലാസ്റ്റിക് മാലിന്യമുണ്ടായി എന്നാണ് സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തന്നെ റിപ്പോർട്ട് ചെയ്യുന്നത്. യഥാർത്ഥ കണക്ക് ഒരുപക്ഷെ ഇതിനേക്കൾ ഭീമമായിരിക്കും. കണക്ക് പ്രകാരം 9,200 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്. രാജ്യത്തെ 5.5-6.5 കോടി ടൺ ഖര മാലിന്യങ്ങളിൽ 5% മുതൽ 6 % വരെ പ്ലാസ്റ്റിക്കാണ്. 

2020 മുതൽ ഭാഗികമായ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുവാൻ തുടങ്ങിയ കേരളം വിഷയത്തിൽ ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ല. ഈ അവസരത്തിലാണ് കേന്ദ്രത്തിന്റെ നിരോധനവും വരുന്നത്. ഇത് എത്രത്തോളം മുന്നോട്ട് പോകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പക്ഷെ ആശ്വസിക്കാൻ നമുക്ക് മുന്നിൽ ഉദാഹരണങ്ങളായി മഹാരാഷ്ട്രയും ഹിമാചലും ഉണ്ട്. ഈ സംസ്ഥാനങ്ങൾ പ്ലാസ്റ്റിക് നിരോധനത്തിൽ തുടരുന്ന ജാഗ്രത കേരളവും കേന്ദ്രവും പഠിക്കേണ്ടതാണ്.