സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ളയെ കുറിച്ച് എം രാജീവ് കുമാർ എഴുതുന്നു
മലയാള സാഹിത്യത്തിൽ രണ്ട് പി.ഗോവിന്ദപ്പിള്ളമാരുണ്ട്. മാർക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനും കേരളക്കര കണ്ട ഏറ്റവും നല്ല വായനക്കാരിൽ ഒരാളും എഴുത്തുകാരനും എം.ജി.രാധാകൃഷ്ണന്റെയും ആർ.പാർവ്വതീദേവിയുടേയും പിതാവുമായ പി.ഗോവിന്ദപ്പിള്ള! ( 25 മേയ് 1926 ൽ ജനനം /22 നവംബർ 2012 ന് മരണം )
മറ്റേയാൾ “സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ള!” പുന്നപുരത്തുകാരൻ മണക്കാട്ട് പപ്പു പിള്ള മുൻസിഫിന്റെ മകൻ.(1849 _ 1897 ) അദ്ദേഹം സാഹിത്യ ചരിത്രകാരനായിരുന്നു. ശബ്ദതാരാവലി എഴുതിയ ശ്രീകണ്ഠശ്വരം ജി പത്മനാഭപിളളയുടെ അമ്മാച്ചൻ. “സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ള” എന്നാണ് ഖ്യാതി.
കൊട്ടാരത്തിൽ കയറിപ്പറ്റുന്നതിനു മുമ്പ് 1873 ൽ ബി.എ. പാസ്സായി.ചാല സ്കൂളിൽ ഹെഡ് മാസ്റ്ററായിരിക്കുമ്പോൾ 1874 ൽ ആയില്യം തിരുനാൾ വാർഷികത്തിന് അതിഥിയായി എത്തി. പള്ളിക്കൂടത്തിന്റെ ഭരണ നൈപുണ്യം കണ്ട രാജാവ് ഇവൻ “ഇവിടിരിക്കാനുള്ളവനല്ലല്ലോ” എന്നു നണ്ണി ഗോവിന്ദപ്പിള്ളയെ പിറ്റെന്നാൾകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
കൊട്ടാരത്തിൽ “സമ്പ്രാദി ” ഉദ്യോഗം കൊടുത്തു. മാത്രമോ പിള്ളയിൽ സംപ്രീതനായ രാജാവ് അദ്ദേഹത്തിന്റെ കുഞ്ഞു കുട്ടി പരാധീനങ്ങളെ ഒന്നടങ്കം വേമ്പന്നൂർ പുതു വീട്ടിലേക്ക് ദത്തെടുത്തു. പിന്നെ കാര്യങ്ങൾ കുശാലായി.1878 ൽ ഗോവിന്ദപ്പിള്ളയെ വലിയ കൊട്ടാരം “സർവ്വാധികാര്യക്കാര”നാക്കി.അങ്ങനെ രാജാവിന്റെ അടുത്തയാളായി .
പ്രൈവറ്റ് സെക്രട്ടറിയെന്നാൽ ചില്ലറ കാര്യമാണോ? ചുമതലയും അധികാരവും കൊണ്ടങ്ങ് പൊങ്ങിപ്പോയില്ലേ! ശ്രീകണ്‌ഠേശ്വരം ഭവനം പിന്നെ എപ്പോഴും തിരക്കുള്ളതായി മാറി. വലിയ കൊട്ടാരത്തിൽ നിന്ന് അരിയും കോപ്പു മെല്ലാം വീട്ടിലെത്തും.. അതിൽ മതിമറന്ന് സുഖലോലുപനാ കാനല്ല മറിച്ച് കിട്ടിയ സൗകര്യങ്ങളെല്ലാം ജനസേവനത്തിനും ഭാഷാ സേവനത്തിനും വിനിയോഗിക്കുകയായിരുന്നു അദ്ദേഹം. ഭാഷാസേവനം എന്ന് അടിവരയിട്ടു പറയണം. ഇന്നത്തെ ആശാൻമാര് ചോദിക്കും എന്തോന്ന് ഭാഷ!എന്തോന്ന് മലയാളം.
മലയാളത്തള്ളയെ നടക്കിരുത്തുന്ന ഐ എ എസ്സുകാരാണിപ്പോൾ മാതൃ ഭാഷക്കൊരു ശാപം! അവർക്കൊക്കെ പരമ “പുഞ്ജ”മല്ലേ മലയാളമെന്നു കേൾക്കുമ്പോൾ! വിശേഷിച്ചും സെക്രട്ടറിയറ്റിൽ മലയാളം ഉദ്ധരിക്കാനിരിക്കുന്ന ആ സിറിയൻ സഹോദരിമാരിലൊരുവൾക്ക്!
രാജാക്കന്മാരുടെകാലത്തെ സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ളയെ നോക്കിപ്പഠിക്കണം. സാഹിത്യ ചരിത്രം കുത്തിയിരുന്ന് എഴുതിയിട്ട് വല്ല കാര്യവും അദ്ദേഹത്തിനുണ്ടോ
എന്നിട്ടും എഴുതിയില്ലേ?ഭാഷയിലെ ആദ്യത്തെ സാഹിത്യ ചരിത്രമാണെന്നോർക്കണം. കൊട്ടാരത്തിലെ സർവ്വാധികാര്യക്കാർ ഉദ്യോഗം കൊണ്ട് ഒരു ഗുണമുണ്ടായി അധികാരമുള്ളതു കൊണ്ട് അപൂർവ്വമായ താളിയാലകൾ എപ്പോൾ ഏത് അർദ്ധരാത്രിയിലും എവിടെയും കയറിച്ചെന്ന് നോക്കാമെന്നായി. കൽപ്പന കൊടുത്താൽ ഏത് വിവരവും എവിടുന്നും കൊണ്ടുവരും. അന്ന് അദ്ദേഹം സാഹിത്യ ചരിത്രം എഴുതിയിയില്ലായിരുന്നെങ്കിൽ ഉള്ളൂർ കരമനയാറ്റിലെ വെള്ളം കുറെ കുടിച്ചേനേ. പിന്നെ സാഹിത്യ ചരിത്രം എഴുതാൻ വന്നവരൊക്കെ ഒരെത്തുംപിടിയുമില്ലാതെ കുന്തം വിഴുങ്ങികളായി നിന്നു പോയേനേ!
ആയില്യം തിരുനാളിന്റെ അന്ത്യദശ അത്ര ശോഭനമായിരുന്നില്ല. പതിനാലുവർഷത്തെ ഭരണ ത്തിനുശേഷം ദിവാൻ മാധവറാവു ഉദ്യോഗമൊഴിഞ്ഞു സ്റ്റാറ്റ്യുവിൽ വന്ന് പ്രതിമയായി റോഡിനെതിരെ സെക്രട്ടേറിയറ്റിനെ നോക്കി നിൽപ്പായി .പിന്നീട് വന്ന ശേഷയ്യാ ശാസ്ത്രിയും ആയില്യവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. അന്ന് യുവാവായിരുന്ന വിശാഖം തിരുനാളും ആയില്യവും തമ്മിൽ അത്ര രസത്തിലുമായിരുന്നില്ല. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു.
സന്ധ്യയാവുമ്പോൾ കുറെ കുപ്പികളും തരുണികളുമായി വിശാഖത്തിന്റെ കമ്പനി ശംഖുമുഖം കൊട്ടാരത്തിൽ “മദനപാനോത്സവരാവ്” ആഘോഷിക്കും. ഇത് മുറക്ക് തുടർന്നു. സഹികെട്ടപ്പോൾ ആയില്യം ,കേരളവർമ്മയുടെ കൂടെ പി.ഗോവിന്ദപ്പിള്ളയേയും സംഘത്തെയും വിട്ട് ശംഖുമുഖം കൊട്ടാരം അങ്ങ് തീവച്ചു. അന്ന് മേൽക്കൂര ഓട് മേഞ്ഞിട്ടിട്ടില്ല. ഓലയാണ്.തീ ആളിക്കത്തിയപ്പോൾ നൂൽബന്ധമില്ലാതെയാണ് തരുണതരുണീമണികൾ ലക്കുംലഗാനുമില്ലാതെ കടലിൽ ചാടിയത്. ഇതൊന്നും ചരിത്രത്തിലെഴുതിവച്ചിട്ടില്ല. ഡീസന്റായ കാര്യങ്ങളല്ലേ എഴുതാൻ പറ്റൂ. ഇത് ദിഗംബരസ്മരണകളല്ലേ! അണ്ടർഗ്രൗണ്ട് ചരിത്രം.
1880 ജൂൺ 11 ന് ആയില്യം തിരുനാൾ നാടുനീങ്ങി.അടുത്തത് ഭരണത്തിൽ വന്നത് വിശാഖം തിരുനാൾ! അച്ചുതാനന്ദൻ മാറി ഉമ്മൻ ചാണ്ടി വന്നതുപോലെയായി. പി.ഗോവിന്ദപ്പിള്ളയുടെ പണി പോയി. സർവ്വാധികാര്യക്കാർ ഗോവിന്ദപ്പിള്ള എന്നു പേരു മാത്രമായി. വിശാഖമല്ലേ മോൻ!
എല്ലാത്തിനേയും നോക്കി വച്ചിരുന്നു. അടപടലെ തെരഞ്ഞുപിടിച്ച് ഓരോ ന്നിനേയും പൊക്കി. കൊട്ടാരത്തിൽ നിന്നിളക്കി. പുകച്ചു ചാടിച്ചു. പണ്ടത്തെ തീവയ്പ്പുകേസിന്റെ സൂത്രധാരൻ ശാകുന്തളകർത്താവ് കേരള വർമ്മയെ പിടിച്ച് ജയിലിലടച്ചു.ഇനി അവിടെക്കിടന്ന് എഴുതിക്കോ!
മുപ്പത്തി ഒന്നാം വയസ്സിൽ ജോലി ഒഴിഞ്ഞ പി.ഗോവിന്ദപ്പിള്ള വഞ്ചിയൂരു പോയി വക്കീൽ കോട്ടിട്ടു കേസുകെട്ടും കക്ഷത്തിലിടുക്കി നടപ്പായി.അതിനിടയിൽ സാഹിത്യ ചരിത്രം പ്രസിദ്ധപ്പെടുത്തി. ഡമ്മി എട്ടിലൊന്നിൽ നൂറ്റമ്പത് പുറം! പിന്നീട് എട്ടുവർഷം കഴിഞ്ഞ് അഞ്ഞൂറു പുറങ്ങളിൽ രണ്ടാം ഭാഗം. അതിനടുത്ത വർഷം മൂന്നാം ഭാഗം. എഴുതാൻ ഇഷ്ടം പോലെ സമയം. അധികാരം പോയപ്പോൾ ആളും പേരുമില്ലാതായി.
ഭാഷാ ചരിത്രം പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പു തന്നെ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ സഹവാസത്താൽ സാഹിത്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. വിശാഖം തിരുനാളിന്റെ ഒത്താശ കൂടിയായപ്പോൾ സംഗതി ജോറായി. തിരുവനന്തപുരത്തെ ഒന്നിലധികം പ്രസ്സുകൾ ഗോവിന്ദപ്പിള്ളയുടെ അധീനതയിലായിരുന്നതു കൊണ്ട് കേരള വർമ്മയുടെ മേൽനോട്ടത്തിൽ പരിഭാഷ ചെയ്ത മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പു എപ്പോൾ പ്രസിദ്ധപ്പെടുത്തി എന്നു മാത്രം ചോദിച്ചാൽ മതി. റോമൻ ചരിത്രം പ്രസിദ്ധ പ്പെടുത്തിക്കഴിഞ്ഞ് ‘ഹിസ്റ്ററി ഓഫ് ട്രാവൻകൂർ’ പ്രസിദ്ധപ്പെടുത്തി. വെബ്സ്റ്റർ സായ്പിന്റെ ഇംഗ്ലീഷ് നിഘണ്ടുവിൽ ചേർന്നിട്ടുളള ഇംഗ്ലീഷ് വാക്കുകൾക്ക് അത്രയും മലയാള അർത്ഥത്തോടു കൂടി ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു നിർമ്മിക്കണമെന്ന ആഗ്രഹം നടന്നില്ല. പിന്നീടത് രാമലിംഗം പിള്ള നിർവഹിച്ചല്ലോ.
കുറെക്കാലം ഒരു ഇംഗ്ലീഷ് പത്രവും പിന്നീട് “കേരള ചന്ദിക” എന്നൊരു മലയാള പത്രവും നടത്തിയിരുന്നു.തിരുവനന്തപുരത്തു നിന്ന് രാമരായരുടെ നേതൃത്വത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന “വിദ്യാവിലാസിനി ” യുടെ പ്രവർത്തനങ്ങളിൽ പി.ഗോവിന്ദപ്പിള്ള സജീവ പങ്കാളിയായിരുന്നു. കേരള വർമ്മയുടെ ശാകുന്തള പരിഭാഷ വിദ്യാവിലാസിനിയിലാണ് പ്രസിദ്ധപ്പെടുത്തിയത്.
ദിവാൻ വിരാമയ്യങ്കാറുടെ പ്രേരണയാൽ മലയാള ഭാഷാപോഷണത്തിന് 1881 ലാണ് ഈ മാസിക തുടങ്ങുന്നത്. പെൺ പള്ളിക്കൂടങ്ങളുടെ അദ്ധ്യക്ഷനായിരുന്ന രാമരായ രായിരുന്നു ചുമതലക്കാരൻ .ഈ മാസികയുടെ നടത്തിപ്പിനായി 14 അംഗ കമ്മറ്റിയുമുണ്ടാക്കിയിരുന്നു.
രാമരായരെക്കൂടാതെ സർവ്വ നായർ പുലികളും കമ്മറ്റിയിലുണ്ടായിരുന്നു. ശ്രീനിവാസയ്യങ്കാർ, സി.കൃഷ്ണൻ നായർ ബി.എ., പി.ഗോവിന്ദപ്പിള്ള ബി.എ., ആർ. നീലകണ്ഠ അയ്യർ ബി എ., ദാമോദരൻ നായർ ബി.എ., ഹരിഹര സുബ്ബയ്യൻ, പി. പപ്പു പിള്ള, നാരായണൻ തമ്പി,
സി.വി.രാമൻ പിള്ള ബി.എ., വി.ഐ കേശവപിള്ള ബി.എ. ജെ. വർക്കി, ടി.രാമസ്വാമി അയ്യർ, അങ്ങനെ 14 എണ്ണം.ഇതിൽ കണ്ണു വിടാതെ കയറ്റിയ ജെ.വർക്കി ആരെന്ന് അന്വേഷിക്കേണ്ടതുണ്ട്. കൊട്ടാരക്കെട്ടിൽ കയറിയിറങ്ങിയ ആരെങ്കിലുമാവാം.
ചുക്കാൻ ലവന്മാരായിരുന്നെങ്കിലുംലേഖകരുടെ കൂട്ടത്തിൽ തീക്ഷ്ണ പക്ഷക്കാരായിരുന്നു. പെരുനല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി കേശവൻ വൈദ്യൻ, ഇലന്തൂർ രാമസ്വാമി ശാസ്ത്രികൾ എന്നിവർ “വിദ്യാവിലാസിനി ” യിലൂടെയാണ് കൂകിത്തെളിയുന്നത്. സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ള അധികാരത്തിലിരിക്കുമ്പോൾ മാർത്താണ്ഡവർമ്മയുടെ മുഖം മിനുക്കാൻ ഒരു പണി ചെയ്തു. അതിനു മുമ്പേ ഇത് മണത്ത റിഞ്ഞ സി.വി.രാമൻ പിള്ള ആരെയുമറിയിക്കാതെ പോയി “മാർത്താണ്ഡവർമ്മ “എഴുതി.
പി.ഗോവിന്ദപ്പിള്ള ചെയ്ത പരിപാടിയെന്തെന്നോ!മാർത്താണ്ഡന്റെ കാലത്ത് നടന്ന സംഭവങ്ങൾ എഴുതി പത്ത് ഭാഗമാക്കി പത്ത് കവികളെ ഏൽപ്പിച്ച് കൂട്ടിയോജിപ്പിച്ച് ഒരാട്ടക്കഥ യങ്ങ് ചമച്ചു.”വീരമാർത്താണ്ഡ ചരിതം “ചില്ലറക്കാരല്ല കവികൾ വൈക്കത്ത് പാച്ചുമൂത്തത് തുടങ്ങിയ കവികളാണ് എഴുതിയത്. അധികൃത സ്ഥാനങ്ങളിൽ നിന്നുള്ള പ്രേരണ വന്നാൽ കവികൾ എഴുതിപ്പോകില്ലേ?ഇന്നും ആ സ്ഥിതിക്കു മാറ്റുമുണ്ടോ? പിണറായി ചരിതംആട്ടക്കഥ എഴുതാൻ പത്ത് കവികളോട് പറഞ്ഞാൽ പതിനെട്ടുകവികൾ എ.കെ.ജി സെന്ററിൽ ക്യൂനിൽക്കാനുണ്ടാവില്ലേ?
ആറു കൊല്ലത്തിനു മുമ്പാണെങ്കിൽ “ഉമ്മച്ച ചരിതം” ചവിട്ട് നാടകം എഴുതാൻ പറഞ്ഞിരുന്നെങ്കിൽ എഴുത്തുകാർ വാലിൽ തൂങ്ങി ഇന്ദിരാഭവനിൽ എത്തുമായിരുന്നില്ലേ? അതല്ല ഇനി “മോഡിപുരാണം ” സിനിമാസ്കോപ്പ്എടുക്കാനാണെങ്കിൽ ലൈറ്റ് ബോയിയായിട്ടായാലും കുഴിമാടത്തിൽ നിന്ന് ഐ എ എസ്സുകാർ കൂടോടെ എത്തുകയില്ലേ!ഇപ്പോൾ മനസ്സിലായിക്കാണുമല്ലോസർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ള ആരാണെന്ന്!