പലരേയും വിടാതെ പിന്തുടരുന്ന രോഗമാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. തലവേദന തുടങ്ങിയാല്‍ പലര്‍ക്കും നിയന്ത്രണം വിട്ടുപോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേന്‍ അകറ്റാം എന്നു മാത്രമല്ല സന്തോഷവും വീണ്ടെടുക്കാം.
ഭക്ഷണക്രമവും മൈഗ്രേനും തമ്മില്‍ ബന്ധമുണ്ട്. നാം കഴിക്കുന്ന പല ആഹാരങ്ങളും പലപ്പോഴും മൈഗ്രേന്‍ ഉത്തേജന വസ്തുക്കളാകാം. അതുപോലെതന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ ചില ആഹാര പദാര്‍ത്ഥങ്ങള്‍ വഴി മൈഗ്രേന്‍ അകറ്റുകയും ചെയ്യാം. മൈഗ്രേന്‍ തടയാന്‍ ഉത്തമ ഔഷധമാണ് ഇഞ്ചി. നാട്ടുവൈദ്യത്തിന് മാത്രമല്ല, ഇഞ്ചി മൈഗ്രേന്‍ പോലുള്ള തലവേദനയ്ക്ക് പരിഹാരമേകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പാകം ചെയ്യാത്ത പച്ച ഇഞ്ചി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൈഗ്രേന്‍ മൂലമുണ്ടാകുന്ന വേദനയും തീവ്രതയും കുറയ്ക്കുക മാത്രമല്ല, തലവേദന ഉണ്ടാകുന്ന തവണകളും കുറയുന്നു. വേദന സംഹാരിയായ ആസ്പിരിന്റെ സമാന പ്രവര്‍ത്തനമാണ് ഇഞ്ചിയുടേതും. മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് ഇഞ്ചി അരച്ച് നെറ്റിയില്‍ പുരട്ടുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി നീരാക്കി മാറ്റി കുടിക്കുന്നതും തലവേദനയ്ക്ക് മാത്രമല്ല, ദഹനത്തിനും ഉത്തമമാണ്.
കാപ്പി, ചോക്ലേറ്റ് പോലുള്ള ഭക്ഷണപാനീയങ്ങള്‍ മൈഗ്രേന്‍ ഉത്തേജിപ്പിക്കുന്നവയാണ്. ഇതുകൂടാതെ, വ്യക്തികള്‍ക്കനുസൃതമായി ചില ആഹാര പദാര്‍ത്ഥങ്ങള്‍ ചിലരില്‍ ബുദ്ധിമുട്ട് കൂടുതലുണ്ടാക്കും. സ്ഥിരമായി മൈഗ്രേന്‍ ഉണ്ടാകുന്നവര്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു കൂടാതെ, ചായ, കാപ്പി, ചോക്ലേറ്റ് എന്നിവയും കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ആഹാരം കഴിച്ച് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തലവേദന വരുന്നെങ്കില്‍ ഏത് ആഹാരപദാര്‍ത്ഥമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്ന് നിരീക്ഷിച്ച് കണ്ടെത്തുക. ഇവ പിന്നീട് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി നോക്കാം.