പൊൻകുന്നം വർക്കിയുടെ രചനകളെ കുറിച്ച് പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. രാജീവ് കുമാർ എഴുതുന്നു
എന്തുകൊണ്ടാണ് ഇപ്പോൾ പൊൻകുന്നം വർക്കിയെപ്പറ്റി എഴുതുന്നതെന്നറിയില്ല. സാഹിത്യ പ്രവർത്തക സഹരണ സംഘം ആ കഥകൾ വീണ്ടും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി വാൾത്തലപ്പിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാർ ഇന്ന് കുറവായതു കൊണ്ടാണോ അദ്ദേഹത്തെപ്പറ്റി ആലോചിച്ചത് ?
എഴുത്തുകാരന്റെ സ്വാതന്ത്ര്യം പാടെ അസ്തമിച്ചെന്നൊന്നും എനിക്കഭിപ്രായമില്ല. മോങ്ങാനിരിക്കുന്ന പട്ടിയുടെ വായിൽ കുത്താൻ അക്ഷരക്കോലുമായി ചെല്ലെണ്ടന്നു മാത്രം. എഴുത്തുകാർക്കാണെങ്കിൽ അങ്ങനെ ചെയ്യാൻ എന്തെന്നില്ലാത്തൊരുത്സാഹവുമാണ്. ഭാഗ്യത്തിന് അതിന് മുതിരുന്ന ഏത് എഴുത്തുകാരനാണ് ഇന്നുള്ളത്.?
നവോത്ഥാന സാഹിത്യകാരന്മാരിൽ ഒരു നോവലും എഴുതാത്ത എഴുത്തുകാരനാണ് പൊൻകുന്നം വർക്കി. 17 നാടകങ്ങളും 150 ഓളം കഥകളും എഴുതിയിട്ടുള്ള പൊൻകുന്നം വർക്കി എന്തുകൊണ്ട് നോവലെ ഴുതിയില്ല ?അറുപത് വയസ്സു മുതലേ അദ്ദേഹം പറയാറുണ്ടായിരന്നു നോവൽ എഴുതാൻ പോകുന്നെന്ന്. തൊണ്ണൂറ്റി മൂന്ന് വയസ്സു വരെഎഴുതിയോ എഴുതിയി ല്ലയോ എന്ന് സംശയമായിരുന്നു. എന്നാൽ 1988 ൽ കുറെ അദ്ധ്യായങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്റെ കണ്ണു കൊണ്ട് കണ്ടതാണ്. ഇരുന്നൂറ് പേജ് പുസ്തകത്തിൽ ! അതിനെന്ത് സംഭവിച്ചെന്ന് ഒടുവിൽ പറയാം.
പിന്നെയും ആറ് വർഷം കൂടി ജീവിച്ചിരുന്നു അദ്ദേഹം. 2004 ജൂലൈ 2 നായിരുന്നു പാമ്പാടിയിൽ അന്തരിച്ചത്.1911 ജൂലൈ 11 ന് ആലപ്പുഴയിലെ കുട്ടനാട് ജനിച്ച വർക്കി അച്ഛന്റെ മരണശേഷം അമ്മയുടെ വീടായ പൊൻകുന്നത്ത് താമസമായി. അവിടെയാണ് സ്ക്കൂൾ വിദ്യാഭ്യാസം. അത് കഴിഞ്ഞ് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂൾ അദ്ധ്യാ പകനായി. അവിടിരുന്ന് മലയാളം വിദ്വാൻ പരീക്ഷ പാസ്സായപ്പോൾ വയസ്സ് 18.മലയാളം പണ്ഡിറ്റായി നിയമിതനായി.
വർക്കിക്കുണ്ടോ അടങ്ങിയൊതുങ്ങി അച്ചടക്കത്തോടെ ഇരിക്കാൻ പറ്റുന്നു ?
അദ്ധ്യാപകപ്പട്ടം ദൂരെക്കളഞ്ഞ്തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ എടുത്തു ചാടി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.ജയിൽവാസം അനുഭവിച്ചു.നമ്മുടെ എത്ര എഴുത്തുകാർ കഥയെഴുതിയതിന് ജയിലിൽ കിടന്നിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെ ഒരു ലേഖനം എഴുതിയതിന്റെ പേരിൽ തട്ടി അകത്താക്കി എന്നല്ലാതെ പൊൻകുന്നം വർക്കിയെപ്പോലെ മൂന്ന് വർഷം പടിച്ച് ജയിലിൽ അടച്ചില്ല.
അന്നത്തെ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരെ ആക്ഷേപിച്ച് കഥയെഴുതിയാൽ പിന്നെ നോക്കി നിൽക്കുമോ? അതും ഒന്നും പോരാത്ത സി.പി.യോടോ കളി! പച്ചക്ക് പിടിച്ച് കറുമുറെ സ്റ്റേറ്റ് കോൺഗ്രസ് കാരെ തിന്നാനുള്ള കലി മൂത്ത കാലത്ത് “മോഡൽ ” എന്ന കഥയെഴുതി മുഖത്ത് കയറി നിരങ്ങിയാൽ വെറുതെ വിടുമോ. തിരുവിതാംകൂർ സ്വതന്ത്ര സ്റ്റേറ്റായി അമേരിക്കൻ മോഡൽ ഭരണം കൊണ്ടുവരാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ കഥയുടെ രൂപത്തിൽ വന്ന് കുറുകെ ച്ചാടുന്ന പൂച്ചയെ കൊണ്ടിട്ടവനെ മൂടോടെ പിഴാനല്ലേ സി.പി.നോക്കുക. “മോഡലിൽ “പാകമാകാത്ത കുപ്പായം തയ്ക്കുന്ന ഒരു തയ്യൽക്കാരന്റെ കഥ എഴുതിയതിനാണ് രാജ്യദ്രോഹം ചുമത്തി വർക്കിയെ ജയിലിലടച്ചത്. വിദ്യാർത്ഥികളേയും ജനങ്ങളേയും ക്ലാസ്സ് വാറിനു പ്രേരിപ്പിക്കുന്നു എന്ന കുറ്റവും ചുമത്തി.
ഒരു കഥമാത്രമല്ല. “മന്ത്രിക്കെട്ട്, “സി.പി.യെ പറിച്ചു വച്ചൊരു കഥയാണ്. “രണ്ട് സെന്റ് സ്ഥലം “, “കരിനിഴലുകൾ, ” “തൊഴിലാളി “എന്നീ കഥകളും സി.പി.യുടെ ശ്രദ്ധയിൽ പ്പെടുത്താനോ ആളില്ലാത്തത്!കത്തോലിക്കാ സഭയോടും അതിലെ അച്ചൻ മാരോടും പൊൻകുന്നം വർക്കി നേരത്തേ കലഹത്തിലായിരുന്നു. കഥയെഴുതി അച്ചന്മാരുടെ ളോഹ മഴക്കാലത്തും വിയർപ്പിൽ നനയിപ്പിച്ചവനാണ് പൊൻകുന്നത്തെ വർക്കി. പൗരോഹിത്യത്തോടൊക്കെ ഏറ്റുമുട്ടുക എന്നുവച്ചാൽ ചില്ലറക്കളിയാണോ? ഇന്നു പോലും അസാദ്ധ്യമാകുമ്പോഴാണ്. “അന്തോണീ നീയും അച്ചനായോടാ ” എന്ന കഥ നാല്പതുകളിൽഎഴുതുന്നത്. ശീർഷകത്തിൽ തന്നെ എല്ലാമുണ്ട്.
“സിസ്റ്റർ ക്ലാര ” ഒന്ന് വായിക്കേണ്ട കഥ തന്നെയാണ്. ഫ്രാങ്കോ
യും വേന്ദ്രൻമാരും തോറ്റു പോവും.” അമ്മേ അച്ഛനെവിടെ ?” എന്ന കഥയിലെ “അച്ച “നെ മനസിലായിക്കാണുമല്ലോ? പൊൻകുന്നം വർക്കിയുടെ കഥയിൽ ശീർഷകം തന്നെ സംസാരിച്ചു തുടങ്ങും. പിന്നെ കഥക്കകത്ത് കയറിയാലെങ്ങനിരിക്കും!സഭയുമായി സംഘട്ടനത്തിലായില്ലെങ്കിലേ അതിശയമുള്ളൂ. ഒടുവിൽ പുകഞ്ഞ കൊള്ളി പുറത്ത്. സഭയിൽ നിന്ന് വർക്കിയെ അവർപുറത്താക്കി. നേരത്തെ പുറത്തുപോയ എം.പി.പോളിന്റെ ട്യൂട്ടോറിയിലിൽ കുറെക്കാലം അദ്ദേഹം അദ്ധ്യാപകനായ ങ്ങ് കൂടി.
1940ലാണ് അദ്ദേഹത്തിന്റെ കഥയെഴുത്ത് ശക്തിപ്രാപിക്കുന്നതു്. 29-ാം വയസ്സിൽ . സി.പി. തിരുവിതാംകൂറിൽ ദിവാനായി വരുന്നതിന് ശേഷം.തകഴിക്ക് സാഹിത്യവാസനയുണ്ടാക്കിയ കൈനിക്കര കുമാരപിള്ളയുടെപത്രാധിപത്യത്തിൽ നടത്തിയിരുന്ന മാസികയിൽ കഥക്ക് ഒന്നാം സ്ഥാനം മേടിച്ചു കൊണ്ടാണ് വർക്കി കഥയുടെ പടി ചവിട്ടുന്നതു്. “ഭാമിനി ” എന്നാണ് ആദ്യ കഥയുടെ പേരു്.
ഉള്ളൂരിന്റെ അവതാരികയോടെ 1934 ൽ പ്രസിദ്ധപ്പെടുത്തിയ തിരുമുൽക്കാഴ്ചയാണ് ആദ്യ സമാഹാരം. 23 ഗദ്യ കവിതകളാണിതിൽ. മദ്രാസ് സർവ്വകലാശാലയുടെ സമ്മാനം ഈ ഗ്രന്ഥം നേടി. “നീരാവി “എന്ന പേരിൽ 1947 ൽ ഗദ്യ കവിതകളുടെ മറ്റൊരുസമാഹാരവും പൊൻകുന്നം വർക്കിയുടേതായി പുറത്തു വന്നു.
1948 ൽ വർക്കിയുടെ ഒരു “തൂലികാചിത്രം ” പുറത്തുവന്നിട്ടുണ്ട്. കുമ്പളത്ത് ശങ്കുപ്പിള്ള, എൻ.ശ്രീകണ്ഠൻ നായർ, ടി.വി.തോമസ് , ആനിമസ്ക്രീൻ, അക്കാമ്മ ചെറിയാൻ, പി.ടി. പുന്നൂസ്, പട്ടം താണുപിള്ള , കെ.സി.ജോർജ്, ടി.എം. വർഗീസ് … കഥയെഴുത്തുകാരന്റെ വ്യക്തികളിലൂടെയുള്ള രാഷ്ട്രീയ നിരീക്ഷണമാണ് ആ പുസ്തകം.
കഥാകൃത്തെന്ന നിലയിലാണ് പൊൻകുന്നം വർക്കിക്ക് ഏറെ പ്രസിദ്ധി.
“ശബ്ദിക്കുന്ന കലപ്പയാണ് ” ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പൊൻകുന്നം വർക്കിയുടെ കഥയെങ്കിലും “വിത്തു കാള”എന്നൊരു കഥയുണ്ട്. വല്ലാത്തൊരു കഥയാണത്!നീലാണ്ടൻഎന്ന വിത്തുകാളയുടെ കഥ.ഒരു പശുവിനെ “ചവിട്ടി “ക്കാൻ ഒരു രൂപയാണ് മൂപ്പൻ വസൂലാക്കുന്നത്. പശുക്കളെ കൊണ്ടുവരുന്നവർ ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതിനടുത്ത സ്ഥലത്തൊന്നും വേറെ വിത്തു കാളയില്ലാത്തതിനാൽ നീലാണ്ടന്റെ അടുത്തു തന്നെ കൊണ്ടുവരാൻ നിർബന്ധിതരാവുന്നു. നീലാണ്ടൻ പശുക്കളെ ചവിട്ടുന്നത് മൂപ്പന്റെ മകൾ നോക്കി നിൽക്കാറുണ്ട്. ഒരു ദിവസം നീലാണ്ടൻ കയറു പൊട്ടിച്ച് ഓടിപ്പോയി ഏതോ പശുത്തൊഴുത്തിൽ ആ രാത്രി കഴിച്ചു കൂട്ടി. പിറ്റേ ദിവസം നീലാണ്ടനെ ആരോ പിടിച്ചു കെട്ടി. നീലാണ്ടനെ മൂപ്പൻ വീട്ടിൽ കൊണ്ടുവന്ന ദിവസം മൂപ്പന്റെ മകൾ ലക്ഷ്മി പ്രസവിച്ചു.
ഇതെങ്ങനെ സംഭവിച്ചു?ജന്തുകഥക്കിടയിൽ ഒരു കുട്ടീം കോലും കളി. ഇതാണ് മാജിക്.
അക്കാഡമിക് ഭാഷയിൽ മാജിക്കൽ റിയലിസം. മലയാളത്തിലെ ആദ്യത്തെ മായികസത്യകഥ ! മലയാളത്തിൽ മാജിക്കൽ റിയലിസം കൊണ്ടുവന്ന കഥയല്ലേ ഇത് ? ഇതിലപ്പുറമൊരു മനുഷ്യകഥ വേറെയുണ്ടോ?
ഇനി മറ്റൊരു മനുഷ്യ ദുരന്തകഥകൂടി വായിക്കാം. “അച്ഛൻ കൊമ്പത്തേ ” . ഒരിടത്തരം കൃഷിക്കാരൻ . കുറച്ചു പറമ്പും ഒരു പശുവും ഭാര്യയും രണ്ട് പെൺമക്കളും മൂത്തമകളെ കെട്ടിച്ചയച്ചു. ആ മകൾക്ക് ഒരു കുട്ടിയുണ്ടായി. മകളുടെ കുട്ടിക്ക് ആ ഭരണങ്ങളുണ്ടാക്കാൻ കറിയാ മാപ്പിള പശുവിനെ വിറ്റു. ഇളയ മകളെ കെട്ടിച്ചയക്കാൻ പറമ്പു വിറ്റു. മിച്ചമുള്ള പണം കൊണ്ട് വനത്തിൽ കുറച്ചു ഭൂമി വാങ്ങി. കാട്ടിലെ പ്രകൃതിയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെ തട്ടിക്കയറ്റവും കാട്ടുമൃഗങ്ങളുടെ ആക്രമണവും കൊണ്ട് ആ കുടുംബം നട്ടം തിരിഞ്ഞു. അവസാനം കാട്ടാനയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിക്കുന്നു. ഒരിറ്റു കരുണ പോലും കഥാപാത്രത്തിനു മേൽ കഥാകാരൻ വർഷിക്കുന്നില്ല. വർക്കിയുടെ രചനകൾ അങ്ങനെയാണ്. അദ്ദേഹത്തിന്റെ ശബ്ദം പോലെ ഘനഗംഭീരവും പരുപരുത്തതുമാണ്.
“ഡെമോക്രസി” എന്നൊരുകഥയുണ്ട്. ഇന്നത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സാഹചര്യത്തിലും പ്രസക്തം. സി.പി. പോയി സ്റ്റേറ്റ് കോൺഗ്രസ്സ് അധികാരത്തിൽ വന്നപ്പോൾ ഉണ്ടായ സ്വജന പക്ഷപാതവും പാർട്ടിക്കുള്ളിലെ വടംവലിയുമാണ് വിഷയമെങ്കിലും ഇന്നും സ്ഥിതി വിഭിന്നമല്ല.എന്തുകൊണ്ടും പുതിയ കാലത്തിനു വേണ്ടി എഴുതിയ കഥകളാണ് പൊൻകുന്നം വർക്കിയുടേതെന്ന് വായിച്ചു നോക്കിയാൽ തിരിച്ചറിയാം.
17 നാടകങ്ങളാണ് പൊൻകുന്നം വർക്കി എഴുതിയത്. അവയിൽ പലതും സിനിമയായിട്ടു മുണ്ട്. നോവലെഴതാനുള്ള ഊർജം നാടകത്തിൽ ചുരത്തിയതു കൊങ്ങാവും കൂടെയുള്ള തകഴിയും ദേവും നോവലുകളെഴുതിയപ്പോൾ വർക്കി നാടകത്തിൽ അഭിരമിച്ചത്. കൂടെയുള്ള വരെല്ലാം നോവലെഴുതി ” ഗപ്പ “ടിച്ചപ്പോഴും അച്ചടിച്ചാൽ ചിലവാകാത്ത നാടകത്തിൽ അകപ്പെട്ടുപോയത്.
പ്രൊഫ്രഷണൽ നാടക സംഘങ്ങൾക്കു പ്രിയതരമായിരുന്നു വർക്കിയുടെ നാടകങ്ങൾ. സൻമാർഗ്ഗവിലാസം നടനസഭ, കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്സ്, കെ.പി.എ.സി. എന്നിങ്ങനെ പല സംഘങ്ങളും ആ നാടകങ്ങൾ നാടുനീളെ കളിച്ചു.
“ഞാനൊരധികപ്പറ്റാണ്, ” എന്ന നാടകത്തോടെ വർക്കി എഴുതിത്തുടങ്ങി. എം.പി.പോളിന്റെ മരണവുമായി ബന്ധപ്പെട്ട “വഴിതുറന്നു “,സമുദായത്തിൽ നടക്കുന്ന വൃത്തി കേടുകൾ തുറന്നുകാട്ടുന്ന”സ്വർഗ്ഗം നാണിക്കുന്നു “(1957), ജന്മിയും കുടിയാനും തമ്മിലുള്ള സംഘർഷത്തിന്റെ കഥപറയുന്ന “വിശറിക്കു കാറ്റുവേണ്ട ” മഹാഭാരതത്തിലെ കർണ്ണനെ കേന്ദ്ര കഥാപാത്രമാക്കിയ “കർണ്ണൻ ” ,1960 ൽ പള്ളിക്കൂടം മാനേജരും പട്ടിണിപ്പാവങ്ങളായ അദ്ധ്യാപകരും തമ്മിലുള്ള ജീവിതം പങ്കുവയ്ക്കുന്ന “കതിരുകാണാക്കിളി ” ,1960 ൽ അരങ്ങ് തകർത്ത “മനുഷ്യൻ ” ,പുരോഹിതന്റെ ഹൃദയമില്ലായ്മ പകർത്തി1965 ൽ എഴുതിയ “അൾത്താര “, രാഷ്ട്രീയ സാമൂഹ്യ രചനയായ “ഇരുമ്പുമറ “(1966), നല്ലവനായ വൈദികനെ ചുറ്റിപ്പറ്റി രചിച്ച “ചലനം (1967), പരിവർത്തനത്തിന് വെമ്പൽ കൊള്ളുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ കഥയായ “ഗംഗാ സംഗമം” (1972), ബൈബിളിലെ എസ്തേർ രാജ്‌ഞിയുടെ കഥ പറയുന്ന “കിരീടത്തേക്കാൾ വലുത് (1976) ,
വസന്തത്തിന്റെ നൊമ്പരങ്ങൾ (1982) ….
ഈ നാടകങ്ങൾ പലതും പിന്നീട് സിനിമയായി.ഇത്രയും നാടകങ്ങളെഴുതിയ പൊൻകുന്നം വർക്കിയെ രേഖപ്പെടുത്തുന്നതിപ്പോഴും നാടകത്തിന്റെ പുറംപോക്കിലല്ലേ? അല്ലെങ്കിൽ തന്നെ വർക്കി ഇത്രമാത്രം നാടകങ്ങൾ എഴുതിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം. വായിച്ചിട്ടുള്ളവർ എത്ര പേർ? ഇപ്പഴും നാടകമെന്നു പറയുമ്പോൾ എൻ.കൃഷ്ണപിള്ളയും തോപ്പിൽ ഭാസിയും എൻ.എൻ. പിള്ളയുമല്ലേ? പ്രമേയ ദാർഡ്യത്തിൽ പൊൻകുന്നം വർക്കിയുടെ ഏഴയലത്ത് വരുമോ ആ നാടകകൃത്തുക്കൾ.
1961 ൽ പുറത്തുവന്ന പൊൻകുന്നം വർക്കിയു ആത്മകഥയിൽ വിശദമായി അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്നുണ്ട്. 1992 ൽ പുറത്തുവന്ന നീണ്ട കഥ ” രണ്ട് മുത്തുമണികൾ “പൊൻകുന്നം വർക്കിയുടെ നോവലായി ഗണിക്കുന്നുണ്ടെങ്കിലും നീണ്ട കഥയാണ് കന്യാസ്ത്രീ മഠങ്ങളും പള്ളിയിലെ പുരോഹിതന്മാരുമാണ് വിഷയം.
മാനേജ്മെന്റ് സ്കൂളുകളിലും സർക്കാർ സ്കൂളുകളിലും ജോലി ചെയ്യുമ്പോൾ പള്ളി മേധാവികളിൽ നിന്നും എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ആദ്യ കാലങ്ങളിൽ പുസ്തകങ്ങൾ അച്ചടിപ്പിച്ച് കൊണ്ടു നടന്നു വിൽക്കേണ്ടി വന്നിട്ടുണ്ട്. വർക്കിയുടെ പുസ്തകങ്ങൾ കത്തോലിക്കർ വായിക്കരുതെന്നു കൂടി പുരോഹിതൻമാർ വിലക്കി.
പ്രണയം പോലും പരാജയപ്പെട്ടു. മുപ്പത് വയസ്സ് കഴിഞ്ഞാണ് അദ്ദേഹം വിവാഹിതനായതു്. പള്ളിയിൽ പോകാത്ത വർക്കി യെക്കൊണ്ട് പള്ളിക്കാർ കുമ്പസരിപ്പിച്ചു. കുമ്പസരിച്ചാലേ ചങ്ങനാശ്ശേരി ക്കാരി ക്ലാരയെ വിവാഹം ചെയ്തു കൊടുക്കൂ എന്നു പറഞ്ഞാലെന്ത് ചെയ്യും! പെണ്ണ ല്ലേ വലുതു്. അനുസരിച്ചു. പിന്നെ മുങ്ങി.
കോൺഗ്രസ്സിൽ നിന്ന് ഒഴിഞ്ഞു മാറി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കുറച്ചു കാലം കോട്ടയത്ത് ഒരു ബുക്സ്റ്റാൾ നടത്തിയിരുന്നു. ഇന്ന് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വകയായ “നാഷണൽ ബുക്സ്റ്റാൾ ” നടത്തിയിരുന്നത് പൊൻ കുന്നം വർക്കിയും കൂട്ടുകാരുമായിരുന്നു.
പുരോഗമന സാഹിത്യ സംഘടനയുടെ സെക്രട്ടറിയായിരുന്നു. അഞ്ച് വർഷക്കാലം. സാഹിത്യ പ്രവർത്തക സഹകരണസംഘം രൂപീകരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നെ അതിന്റെ പ്രസിഡന്റായി. 1971 മുതൽ 4 വരെ കേരള സാഹിത്യ അക്കാഡമി പ്രസിസന്റ്, സാഹിത്യ പരിഷത്തിന്റെ നിർവ്വഹണ സമിതിയംഗം എന്നിങ്ങനെ സാഹിത്യത്തിന് ചുക്കാൻ പിടിച്ചു.വള്ളത്തോൾ അവാർ ഡല്ലാതെകാര്യമായ അവാർഡുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. എല്ലാം കൂടി ചേർത്ത് 1989 ൽ സാഹിത്യ അക്കാഡമിയുടെ വിശിഷ്ട അംഗത്വം ലഭിച്ചു.
നോവലുകളൊന്നും അദ്ദേഹം എഴുതിയിട്ടിയിട്ടില്ലന്നു പറയാൻ വരട്ടെ. പ്രസിദ്ധീകരിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി.”കെട്ടാമറിയം ” എന്ന ശീർഷകത്തിൽ ജീവിത സായാഹ്നത്തിൽ എഴുതി വന്ന നോവലിന്റെ മൂന്ന് അദ്ധ്യായങ്ങൾ ആകാശവാണി തിരുവനന്തപുരം നിലയത്തിലുണ്ടാവണം .
1988 ൽ പാമ്പാടിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ രണ്ടു ദിവസം താമസിച്ച് ദീർഘമായൊരു അഭിമുഖം ശബ്ദലേഖനം ചെയ്യാൻ ഈ യുള്ളവൻ പോയപ്പോൾ മൂന്ന് തവണയായി അദ്ദേഹത്തിന്റെ ശബ്ദത്തിൽ എഴുതിക്കൊണ്ടിരുന്ന നോവൽ വായിപ്പിച്ചെടുത്തതാണ്. ഇപ്പോൾ നിലയത്തിൽ ആ ശബ്ദം ഉണ്ടോ ആവോ ?
“കെട്ടാമറിയം “, കുടുംബത്തിന് വേണ്ടി ത്യാഗം അനുഭവിക്കുന്നൊരു സ്ത്രീയുടെ കഥയാണ്. സ്ത്രീശാക്തീകരണം വലിയ വായിലേ തൊള്ള തുറക്കുന്നതിന് മുമ്പുള്ള ഒരു സ്ത്രീയുടെ കഥയാണ് പൊൻകുന്നം വർക്കി നോവലിൽ ആവിഷ്ക്കരിച്ചത്.
അതൊരിടത്തും പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല അതിന്റെ ടേപ്പ് ആകാശവാണിയിലുണ്ടെന്നു മണത്തറിഞ്ഞ് പല മാസികാ പത്രാധിപന്മാരും അത് ചൂണ്ടിത്തരാൻ പിന്നാലെ വന്നിട്ടുമുണ്ട്. അത് ആകാശവാണിയുടെ മുതലാണ്. അത് അവർക്കുള്ളതു മാത്രം. അതൊന്നും അച്ചടിച്ച് ഞാൻ അന്യന്റെ ചെലവിൽ ആളായിട്ടുമില്ല. പൂവിന്റെ പേരിൽ ഓരോ വാഴനാരും പങ്കുപറ്റി അഹങ്കരിക്കുന്ന കാലമല്ലേ ഇത്?