ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമകളായിരുന്നു എന്നതും കാലക്രമേണ അവരതിൽ നിന്ന് മുക്തി നേടിയതുമെല്ലാം വാർത്തകളിലൂടെയൊക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ആൺ – പെൺ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്. ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ വിഷാദ രോഗികളുടെ എണ്ണവും നാൾക്കുനാൾ കൂടിവരികയാണ്. തനിക്ക് വിഷാദരോഗം പിടിപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് കൊണ്ട് മറ്റ് പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ 10 % ആൾക്കാരുടെയും യഥാർത്ഥ പ്രശ്നം വിഷാദരോഗമാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. തീരെ ചെറിയ കുട്ടികൾ മുതൽ വൃദ്ധ ജനങ്ങളെ വരെ പിടിപെടുകയും കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് വിഷാദരോഗം.
എന്താണ് വിഷാദരോഗം ?
മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്. വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ സമ്മർദ്ദങ്ങൾ, ഇഷ്ടപ്പെട്ടവരുടെ സ്നേഹം നഷ്ട്ടമാകുമ്പോൾ, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോൾ, കൗമാരക്കാർക്ക് എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വരുമ്പോൾ ഇങ്ങനെ പല കാരണങ്ങൾ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിക്കുകയാണെങ്കിൽ പൂർണമായും രോഗം ചികിൽസിച്ച് ഭേദമാക്കാനാകും. രോഗനിർണയത്തിന് ശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലൂടെയും പൂർണമായും മാറ്റാനാകും.
പ്രതിരോധം
വിഷാദരോഗം ഇല്ലാതാക്കാൻ കൃത്യമായ ഒരു മാർഗ്ഗമില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സഹായകമാകും.
നിങ്ങൾ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് പരമാവധി സ്ട്രെസ്സ് കുറയ്ക്കാൻ ശ്രമിക്കുക. പൂർവസ്ഥിതി പ്രാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആത്മവിശ്വാസവും,ആത്മാഭിമാനവും കൈമുതലാക്കുക.
എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ള സമയങ്ങളിൽ കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പവും ചിലവഴിക്കാൻ സമയം കണ്ടെത്തുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക.
ആദ്യമേ ചികിത്സ തുടങ്ങിയാൽ പെട്ടന്ന് ചികിൽസിച്ച് മാറ്റാവുന്ന രോഗമാണ് വിഷാദരോഗം. അതുകൊണ്ട് ചെറിയ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ തന്നെ ശരിയായ ചികിത്സ തേടുക.