ചെറുപ്രായത്തില്‍ തന്നെ എന്തെങ്കിലും കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികള്‍ വളരുമ്പോൾ വിഷാദമോ ഉത്കണ്ഠയോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ മനശാസ്ത്ര അധ്യാപിക മേരി ഹോസെ ഹാര്‍ബെക് ആണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ബാല്യത്തിന്‍റെ മധ്യ ദശകളില്‍ വൈകാരിക സമ്മർദ്ദം കുറവുള്ള ആണ്‍കുട്ടികള്‍ കൗമാരത്തിലും ശാരീരികമായി ഊര്‍ജ്ജസ്വലരായിരിക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായിക, ശാരീരിക പ്രവര്‍ത്തനങ്ങളാണ് പഠനത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയത്. ആറു മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളിലെ വൈകാരിക സമ്മർദ്ദ ലക്ഷണങ്ങളും ശേഖരിച്ചു. കായിക ഇനങ്ങളിലൊന്നും ഒരിക്കല്‍ പോലും പങ്കെടുക്കാത്ത അഞ്ച് വയസ്സിലുള്ള ആണ്‍കുട്ടികള്‍ ആറിനും 10നും ഇടയില്‍ ക്ഷീണതരായും സന്തോഷമില്ലാത്തവരായും കാണപ്പെട്ടു. നിരന്തരം കരയുന്ന ഈ കുട്ടികള്‍ പല കാര്യങ്ങളിലും ഭയപ്പെടുന്നവരായും കാണപ്പെട്ടതായി ഗവേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. വിഷാദരോഗ ലക്ഷണങ്ങളും വൈകാരിക സമ്മർദ്ദവും ഉത്കണ്ഠയും പ്രകടിപ്പിച്ച ആണ്‍കുട്ടികള്‍ 12 വയസ്സാകുമ്പോഴേക്കും ശാരീരികമായി ഊര്‍ജ്ജസ്വലരല്ലെന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഗണ്യമായ മാറ്റങ്ങളൊന്നും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് ഗവേഷക പറയുന്നു.
കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികള്‍ കാര്യങ്ങളില്‍ മുന്‍കൈ എടുക്കാനും ടീമായി പ്രവര്‍ത്തിക്കാനും ആത്മനിയന്ത്രണം പാലിക്കാനും കൂട്ടുകാരുമായി സഹകരണാത്മക ബന്ധങ്ങള്‍ സ്ഥാപിക്കാനും പഠിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഉത്കണ്ഠയും വിഷാദരോഗവും പ്രകടിപ്പിച്ച കുട്ടികള്‍ സാമൂഹികമായി ഒറ്റപ്പെട്ടവരും മത്സരക്ഷമതയില്ലാത്തവരും കായികമായി ദുര്‍ബലരുമായി തീര്‍ന്നു. എന്നാല്‍ പെണ്‍കുട്ടികളിൽ വിഷാദവും ഉത്കണ്ഠയുമെല്ലാം മറ്റൊരു തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷക ചൂണ്ടിക്കാട്ടി. വൈകാരിക പ്രശ്നങ്ങള്‍ കുടുംബത്തോടോ കൂട്ടുകാരോടോ ആരോഗ്യ പ്രവര്‍ത്തകരോടോ തുറന്ന് പറയുന്ന പെണ്‍കുട്ടികള്‍ക്ക് ഈ സാമൂഹിക ബന്ധങ്ങള്‍ തുണയാകാറുണ്ടെന്ന് പഠനം നിരീക്ഷിച്ചു.