പ്രമുഖ നിരൂപകനും കഥാകൃത്തുമായ എം.രാജീവ് കുമാറിന്റെ പംക്തി
1914 ൽ മലയാളം എം.എ. രണ്ടാം ക്ലാസ്സിൽ പാസ്സായിട്ടും സെക്രട്ടേറിയറ്റിൽ ഗുമസ്തനായിരിക്കേണ്ടിവന്ന ഹതഭാഗ്യവാനാണ് ടി. രാമലിംഗംപിള്ള.മദ്രാസ് സർവ്വകലാശാലയിൽ റീഡർഷിപ്പ് ഏർപ്പെടുത്തിയ വർഷമാണ്. ഒരേ ഒരാളെ അപേക്ഷിച്ചുള്ളൂ. സിൻഡിക്കേറ്റിന്റെ സെലക്ഷൻ കമ്മറ്റി ശുപാർശ ചെയ്തതാണ് ടി.രാമലിംഗംപിള്ളയെ നിയമിക്കാൻ. ജസ്റ്റിസ് സർ.ശങ്കരൻ നായർ പാരയായി.
“തിരുനൽ വേലിക്കാരൻ തമിഴൻ ചെട്ടി രാമലിംഗംപിള്ളയെ നിയമിക്കുകയോ അയാൾക്ക് മലയാളം അറിയാമോ?”
ഒരോട്ടിന്റെ കുറവിൽ ജോലി കിട്ടിയില്ല. പിന്നെ സിൻഡിക്കേറ്റിന്റെ അഭിപ്രായവ്യത്യാസത്തിൽ കുറച്ചു കാലത്തേക്ക് ആ റീഡർ തസ്തികയിലേക്ക് നിയമനമേ നടന്നില്ല. ഒഴിഞ്ഞു കിടന്നു. വളരെക്കാലം കഴിഞ്ഞ് ചേലനാട്ട് അച്യുതമേനോൻ നിയമിതനായി.ഒരു നിർഭാഗ്യവാനായിരുന്നു ടി.രാമലിംഗംപിള്ള. 88 വയസ്സു വരെ തിരുവനന്തപുരത്ത് ജീവിച്ചിരുന്നു. ചുണ്ടിനരികിൽ വരെ വന്ന സൗഭാഗ്യങ്ങൾ പെട്ടന്നാണ് നിയതി തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നത്.പൊക്കം കുറവ്. തടിയുണ്ട്. മുണ്ഡനം ചെയ്ത തല വട്ടക്കണ്ണട . ഒറ്റമുണ്ട്….. ടി.രാമലിംഗംപിള്ളയെപ്പറ്റി എഴുതിയിട്ടുള്ള പഴയ പുലികളുടെ കണ്ടെഴുത്താണ്.
ഗാന്ധാരിയമ്മൻ കോവിലിൽ നിന്ന് തമ്പാനൂരിലേക്കുള്ള വഴിയുടെ ഇറക്കത്തിൽ ഇടത് വശത്ത് ഉയർന്ന ഒരു വീടുണ്ടായിരുന്നു. അച്ഛൻ കൊട്ടാരം ജ്യോൽസ്യൻ.പുളിമൂട് ജി.പി. ഒ യ്ക്ക് പിറകുവശത്തുള്ള പ്രൈമറി സ്കൂളിലാണ് പഠിച്ചത്.1880 ഫെബ്രുവരി 22 നാണ് ജനനം. ഉള്ളൂരിനേക്കാൾ മൂന്ന് വയസ്സ് ഇളയതു്. ശബ്ദതാരാവലി എഴുതിയ ശ്രീകണ്‌ഠേശ്വരത്തെക്കാൾ 16 വയസ്സിന് ഇളയത്.18-ാം വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായ ടി.രാമലിംഗം പിള്ള 1898 ൽ FA ക്ക് ചേർന്നു.
ഡോ. മിച്ചലായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ . 1901 ൽ ബി.എ. ഫിലോസഫി ക്കു ചേർന്നെങ്കിലും പഠനം കുറെക്കൂടി മെച്ചപ്പെടുത്താൻ സീനിയർ ബി.എ.യ്ക്ക് മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്നു. ഡോ. സത്യനാഥിന്റെ ശിക്ഷണത്തിൽ മദ്രാസിൽ പഠിച്ചു.
190 4 ൽ ടി.രാമലിംഗംപിള്ള ബി.എ.ക്കാരനായി. ഇതിനോടകം ഇംഗ്ലീഷിൽ എഴുത്തു തുടങ്ങിക്കഴിഞ്ഞു. ആനുകാലികങ്ങളിൽ നിരന്തരം എഴുതി.പ്രൊഫസ്സർ സത്യനാഥന്റെ പത്‌നി മദ്രാസിൽ നടത്തിയിരുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിലെ സ്ഥിരം സാന്നിദ്ധ്യമായി
പഠിച്ചിറങ്ങിയ രാമലിംഗംപിള്ളക്ക് ചീഫ് സെക്രട്ടറിയായ വിയറാ സായ്പാണ് ഹജൂർ കച്ചേരിയിൽ ക്ലാർക്ക് പണി നൽകിയത്.75-100 രൂപ സ്ക്കെയിലിൽ പിന്നെ സീനിയർ ക്ലർക്കായി. അത് കഴിഞ്ഞ് അസ്സി. ട്രാൻസ്‌ലേറ്ററായി. അക്കാലത്ത് മനോരമപ്പത്രം എഴുതി. “പതിനഞ്ച് കൊല്ലത്തോളം ഹജൂരിലും രണ്ടിൽ ചില്ല്വാനം കൊല്ലം റവന്യൂവിലും ആയി സർവ്വീസിൽ മൂത്ത് നരച്ചിരിക്കവേ ആണ് ഈ പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചത്.
.
അക്കാലത്ത് ടി. രാമലിംഗംപിള്ള എഴുതിയ “പത്മിനി ” എന്ന നോവൽ മദ്രാസ് സർവ്വകലാശാലയിൽ ഇന്റർമീഡിയറ്റിന് പാഠപുസ്തകമാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതി മുന്നേറുകയായിരുന്നു അദ്ദേഹം.കെ.ആർ. കൃഷ്ണ പിള്ള അസി.സെക്രട്ടറി ആയതോടെ ടി.രാമലിംഗംപിള്ള ഹെഡ് ട്രാൻസിലേറ്ററായി.അപ്പോൾ “നസ്രാണി ദീപിക ” മുഖപ്രസംഗമെഴുതി.
“ഉള്ളൂർ പരമേശ്വരൻ അവർകളെ കൊല്ലം പേഷ്ക്കാരായി നിയമിച്ചതോടെ അസി. ഹെഡ് ട്രാൻസ്ലേറ്ററായ ശ്രീ ടി. രാമലിംഗംപിള്ള ഹെഡ് ട്രാൻസ്ലേറ്ററായി…”ഹിന്ദു തമിഴന്മാരിൽ ആദ്യത്തെ എം.എ. ബിരുദധാരിയാണ് ടി. രാമലിംഗംപിള്ള. സെക്രട്ടേറിയറ്റിൽ 100 രൂപ ശമ്പളം വാങ്ങിക്കുന്നവരിൽ തമിഴനായി അദ്ദേഹം മാത്രമേയുള്ളൂ.
ഇംഗ്ലീഷ് , മലയാളം, തമിഴ്, സംസ്കൃതം ഭാഷകളിൽ പണ്ഡിതനായിരുന്നു. 20 കൊല്ലത്തെ സർവ്വീസിനിടയിൽ 125 രൂപ സ്കെയിൽ വരെ ഉയരാൻ രാമലിംഗംപിള്ളക്ക് കഴിഞ്ഞു. അന്നത്തെ കാലത്ത് അത് വൻ വിജയമായിരുന്നു.മലയാളത്തിൽ രചിച്ച കൃതികളിൽ പ്രധാനം മലയാള ശൈലീ നിഘണ്ഡുവാണെങ്കിലും ആദ്യത്തെ കൃതി “ഷേക്സ്പിയറുടെ 12 സ്ത്രീ രത്ന “ങ്ങളാണ്.കോർഡിയാ, മാക്ബത്ത് പ്രഭ്വി, ഡെസ്ഡിമോണ , ഒഫീലിയ, കാതറീന, ഇമോജൻ, വയോള, ഹെർമ്മ യോന , റോസ ലിൻഡ്, ഹെലിന, ഇസബെല്ല , പോർഷ്യ … എന്നീ നായികമാരെ മുൻ നിർത്തിയുള്ള പഠനമാണത്.
അന്നേ രാമലിംഗംപിള്ള ഫെമിനിസം തുടങ്ങിയിരുന്നു. അല്ലെങ്കിൽ “പത്മിനി ” എന്ന നോവൽ എഴുതുമായിരുന്നോ?തമിഴിൽ പൂർണ്ണലിംഗം പിള്ളയുടെ “പന്തിരു പെൺമണികൾ ” എന്ന ഗ്രന്ഥത്തിന്റെ ചുവടു പിടിച്ചാണെങ്കിലും മലയാളത്തിലും പെണ്ണിന് പ്രാധാന്യം കൊടുത്തില്ലേ?
ആധുനിക മലയാള ഗദ്യരീതി, ലേഖനമഞ്ജരി , ചിന്താശകലങ്ങൾ, സി.ആർ ദാസിന്റെ ജീവചരിത്ര സംക്ഷേപം എന്നിവ മലയാളത്തിലെഴുതിയ പ്രധാന കൃതികൾ.അരുണഗിരിനാഥന്റെ “സ്കന്ദാനുഭൂതി ” 100 ശ്‌ലോകങ്ങളടങ്ങിയ “ബാല ചിന്താരത്നശതോപദേശം ” “ആര്യഭടീയ ഗണിതം ” എന്നിവ ഗഹനങ്ങളായ കൃതികളാണ്.
“പുതിയ മലയാള വാക്യ രീതി അല്ലെങ്കിൽ ആധുനികകൈരളീ ഗദ്യപദ്ധതിഎന്ന പുസ്തകം എടുത്തു പറയേണ്ടതാണ്.ഇംഗ്ലീഷിൽ പ്രധാന കൃതികൾ മൂന്നാണ്.Arya bata – The Newton of Indian Astronomy, /The Development of Greak Philosophy/Theevelution of Malayalam Drama.തമിഴിൽ അമ്മ മഹാറാണിയുടേയും ചിത്തിര തിരുനാളിന്റെയും ജീവിത കഥ പ്രത്യേകം പ്രത്യേകം എഴുതിയിട്ടുണ്ട്.ഇടയ്ക്ക് ഉള്ളൂർ സ്വാമിയായി രാമചരിതത്തിന്റെ ഭാഷാ കാര്യത്തിൽ തർക്കിക്കാനും പോയി. ഉള്ളൂരിന്റെ വാദഗതിക
ളെ ഖണ്ഡിച്ചു കൊണ്ടുള്ള ലേഖനങ്ങൾ അവർ തമ്മിൽ തൊടുത്തു.
ഇവകൊണ്ടൊന്നുമല്ല ടി.രാമലിംഗംപിള്ള കാലത്തെ മറികടന്നത്.” ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു ” ഈ ഒരൊറ്റ നിഘണ്ടുമതി ടി. രാമലിംഗംപിള്ളയുടെ യശസ്സ് നിലനിർത്താൻ. ഈ നിഘണ്ടു നിർമ്മാണത്തോടെ അദ്ദേഹത്തിന്റെ ഭാഗ്യ നക്ഷത്രം പൊലിഞ്ഞെങ്കിലും പിന്നീട് ചില പ്രസാധകരുടെ ഭാഗ്യ നക്ഷത്രം ഉദിക്കുകയായിരുന്നു.
1956 ൽ ആ നിഘണ്ടു നിർമ്മാണം പൂർത്തിയായി. നാല്പതാം വയസ്സിൽ തുടങ്ങിയതായിരുന്നു. എഴുപത് വയസ്സ് കഴിഞ്ഞപ്പോഴാണ് പൂർത്തിയായത്.2224 പുറങ്ങൾ. രണ്ട് വാല്യമായിട്ടാണ് പുറത്തിറക്കിയത്. ഓരോ വാല്യത്തിനും 25 രൂപ വീതം വിലയിട്ടു.റാവു ബഹദൂർ ജി.ശങ്കരപ്പിള്ളയുടെ അവതാരികയുമുണ്ട്.
ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് – മലയാളം നിഘണ്ടുവിനു ശേഷം ടി.രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവിനെ വെല്ലാൻ മറ്റൊരു നിഘണ്ടുവും പിറവി കൊണ്ടിട്ടില്ല.35 വർഷത്തെ പരിശ്രമമാണ്. 5 ഹൈക്കോടതി ജഡ്ജിമാർ, 3 അഭിഭാഷകർ, 3 കോളേജ് പ്രിൻസിപ്പലന്മാർ, 13 കോളേജ് അദ്ധ്യാപകർ, 6 പള്ളിക്കൂടം ഇൻസ്പക്ടർമാർ, നിരവധി ഭാഷാ പണ്ഡിതർ … ഇവരെല്ലാം ഇതിന്റെ നിർമ്മാണത്തിൽ ടി.രാമലിംഗംപിള്ളയെ സഹായിച്ചിരുന്നു.
എ യിൽ തന്നെ 6056 ശബ്ദങ്ളുണ്ട്.മലയാളാർത്ഥങ്ങളുടെ സംഖ്യ: 22121:”മലയാള ശൈലീ നിഘണ്ടു ” എന്ന ഗ്രന്ഥം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. 1930 ജനുവരി 18 ന് മാതൃഭൂമി എഴുതി.” ഈ വിധത്തിലുള്ള ഒരു ശൈലീ നിഘണ്ടു ഇതുവരെ മലയാള ഭാഷയിൽൽ ഉണ്ടായിട്ടില്ല. മാത്രമല്ല മറ്റേത് ദ്രാവിഡ ഭാഷകളിൽ ഉണ്ടോ എന്ന് സംശയിക്കുന്നു. “
വടക്കും കൂറിന്റെ “ശൈലീ പ്രദീപ” വെള്ളം കുളത്തു കരുണാകരൻ നായരുടെ മലയാളം ഇംഗ്ലീഷ് ശൈലീ നിഘണ്ടുവുമൊന്നും ടി.രാമലിംഗംപിള്ളയുടെ മലായാള ശൈലീ നിഘണ്ടുവിന്റെ ഏഴയലത്ത് വരില്ല.” തൊട്ടു കാണിക്കാത്ത വിദ്യ ചുട്ടുകളഞ്ഞാലും വരില്ല ” എന്നൊരു ശൈലി രാമലിംഗത്തിന്റെ ശൈലീനിഘണ്ടുവിലുണ്ട്! അതായതു് പ്രത്യക്ഷാനുഭവമില്ലാത്ത ഏത് വിദ്യയും നേരെയാകില്ല. വിദ്യ നേരെയാകണമെങ്കിൽ ചൂണ്ടിക്കാണിച്ചു കൊടുക്കണം എന്നാണ് അർഥം. ഇത്കൃത്യമായി അദ്ദേഹത്തിനും ചേരും. പദങ്ങളുടെ അർഥവ്യാപ്തി തൊട്ടു കാണിച്ചായിരുന്നല്ലോ അദ്ദേഹത്തിന്റെ നിഘണ്ടു നിർമ്മാണം.
സൗഭാഗ്യങ്ങളിൽ നിന്ന് നിർഭാഗ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു അദ്ദേഹം. 22ാം വയസ്സിൽ കല്യാണം കഴിച്ചു. ബാങ്കർ സുബ്രഹ്മണ്യം പിള്ളയുടെ മകൾ. മംഗല വടിവു അമ്മാൾ. 5 കൊല്ലം കഴിഞ്ഞ് ഗർഭിണിയായിരുന്നപ്പോൾ മരിച്ചു. പിന്നെ തിരുനെൽ വേലിയിലെ വില്ലേജാപ്പീസറുടെ മകളെ കെട്ടി. പൊന്നമ്മ. 1951 ൽ അവരും മരിച്ചു. മകൾ കല്യാണം കഴിച്ചെങ്കിലും വിധവയായി. മൂന്നാമത്തെ മകൻ പതിനഞ്ചാം വയസ്സിൽ മരിച്ചു. മൂത്ത മകൻ സ്ഥാണു പിള്ളയും അധികം പഠിച്ചില്ല. പ്രസ്സ് നടത്തിയിരുന്നു.
1964 ആഗസ്റ്റ് 1 ന് അന്തരിക്കുന്നതിന് മുൻപ് ടി. രാമലിംഗംപിള്ളയുടെ അന്ത്യ കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഗമണ്ടൻ പുസ്തകങ്ങളിറക്കി കടം കേറി. ചുമ്മാ തിരുന്നെങ്കിൽ ഒള്ളത് കൊണ്ട് ഓണം പോലെ കഴിയാമായിരുന്നു.പണം ഉണ്ടാക്കാനല്ല. എഴുതിയവ അച്ചടിക്കാനാണ് ഉള്ളതെല്ലാം തൊലച്ചത്. പിന്നെ തുഛമായ ചില്ലറ വാങ്ങി പകർപ്പവകാശം അങ്ങ് വിൽക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ഭാഷയിലെ ശൈലീ പ്രയോഗം കടമെടുത്താൽ “ചെട്ടി കെട്ടാൽ പട്ടുടുക്കും ” എന്നു പറഞ്ഞതുപോലെ ആയി. അതായതു് മുട്ടുവരുമ്പോൾ വിശേഷാവശ്യങ്ങൾക്കു കരുതി വച്ചിരുന്നവ എടുത്ത് ഉപയോഗിച്ച് തുടങ്ങും. അങ്ങനെ ചെട്ടി പട്ടുടുത്തില്ലേ?
രണ്ട് വർഷം കഴിയുമ്പോൾ ടി.രാമലിംഗത്തിനുമേലുള്ള പകർപ്പവകാശം കഴിയും; 2024 ൽ . സംശയം വേണ്ട. അതിൽ തൊട്ടാൽ ഭാഗ്യതാരകമുദിക്കും.എൻ.ബി.എസ്സിൽ നിന്ന് രണ്ടു കൈയ്യും വീശി പെരുവഴിയിലിറങ്ങിയ ഡി.സി. കിഴക്കേമുറി ടി. രാമലിംഗംപിള്ളയെതൊട്ടപ്പോൾ ഉണ്ടായ സൗഭാഗ്യമല്ലേ ഇന്നത്തെ പ്രസാധനസാമ്രാജ്യത്തിന്റെ അസ്ഥിവാരം.
കട്ടയടിച്ച് നടക്കുന്ന പുതിയ ഭാഗ്യാന്വേഷക പ്രസാധക എലികൾക്ക് രാമലിംഗംപിള്ളയുടെ നിഘണ്ടുക്കൾ രണ്ടും എടുത്ത് ഇപ്പോഴേ പണി തുടങ്ങാവുന്നതാണ്.
“മനസ്സിലായില്ലേ? അച്ചുനിരത്താൻ! ടി. രാമലിംഗംപിള്ള ചതിക്കില്ല”