ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാന്‍ വ്യോമപാത ഒഴിവാക്കി പാക് വ്യോമപാതയിലൂടെയാണ് പ്രധാനമന്ത്രി യുഎസിലേക്ക് പറന്നത്.
വാഷിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തും സംസാരിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. അമേരിക്കന്‍ പ്രസിഡന്റായശേഷം ജോ ബൈഡനുമായുള്ള മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവും. യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെയും പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.
നേരത്തെ മോദിയുടെ യാത്രയ്ക്ക് വ്യോമപാത തുറന്നുനല്‍കാന്‍ ഇന്ത്യ പാകിസ്താന്‍റെ അനുമതി തേടിയിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരം വ്യോമപാത ഉപയോഗിക്കാന്‍ പാക് അധികൃതര്‍ അനുമതി നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വിദേശ യാത്രകള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പാക് നടപടിയില്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈനേഷനില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.