ദുബായ് : ദുബായ് എക്സ്പോ 2020യുടെ സുരക്ഷയൊരുക്കാൻ തയ്യാറായി 30,000 പേരടങ്ങുന്ന വൊളന്റിയർ പട. 1,80,000 അപേക്ഷകരിൽനിന്നാണ് സ്വദേശികളും വിദേശികളും അടങ്ങുന്ന 30,000 പേരെ തിരഞ്ഞെടുത്തത്. 135 രാജ്യങ്ങളിൽനിന്നായി 18 വയസുമുതൽ 79 വയസ്സുവരെ ഉള്ളവരാണ് ഈ സന്നദ്ധപ്രവർത്തകർ. ഇതിൽ 45 ശതമാനവും സ്വദേശികളാണ്. എക്സ്പോ നഗരിയിൽ സൗജന്യസേവനത്തിന് സന്നദ്ധരായാണ് ഇവർ എത്തിയിരിക്കുന്നത്.
ക്രീം നിറത്തിലുള്ള യൂണിഫോം സന്നദ്ധ സേനാ പ്രവർത്തകർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എക്സ്പോ 2020-യുടെ മുഖവും ഹൃദയവും സന്നദ്ധപ്രവർത്തകരാണെന്ന് വൊളന്റിയേഴ്സ് ഡയറക്ടർ അബീർ അൽ ഹോസാനി അഭിപ്രായപ്പെട്ടു. എക്സ്പോ ലോകമേളയിലേക്ക് കടന്നുവരുന്ന ലക്ഷങ്ങളെ സ്വീകരിക്കുന്നതിനായുള്ള വൊളന്റിയർ ടീം അവസാനവട്ട പരിശീലനവും പൂർത്തീകരിച്ചു.
സന്നദ്ധപ്രവർത്തകരെ യു.എ.ഇ. സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രിയും എക്സ്പോ 2020-യുടെ ദുബായ് കമ്മിഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പ്രശംസിച്ചു. ലോകമെങ്ങുമുള്ള സന്ദർശകർ ദുബായിലേക്ക് പറന്നിറങ്ങുമ്പോൾ അവരെ സ്വീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിൽ സംതൃപ്തിയുള്ളവരാണ് ശമ്പളമില്ലാതെ ഈ സേവനത്തിന് എത്തിയിരിക്കുന്നത്. ഭക്ഷണവും യാത്രാസൗകര്യവും സംഘാടകർ നൽകും.
യൂണിവേഴ്സിറ്റി വിദ്യാർഥികൾ, വിവിധയിടങ്ങളിൽ ജോലിചെയ്യുന്നവർ, വിരമിച്ചവർ, നിശ്ചയദാർഢ്യമുള്ളവർ എന്നിവരടങ്ങുന്ന വ്യത്യസ്തമായ സംഘമാണ് വൊളന്റിയർ പട്ടികയിലുള്ളത്. എക്സ്പോയിൽ നടക്കുന്ന വിവിധ പരിപാടികളും ആഗോളചർച്ചകളും കൈകാര്യംചെയ്യുന്നതിൽ ഇവർ നിർണായക പങ്കുവഹിക്കും. സന്നദ്ധ സേവകരെ ആദരിക്കുന്നതിനും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതിനും സംഘാടകർ പദ്ധതി ഒരുക്കുന്നുണ്ട്.