ജിദ്ദ: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ത്രിദിന സന്ദർശനത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിൽ എത്തിയപ്പോഴാണ് സൗദി വിദേശകാര്യ മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യൻ ഗവൺമെൻറിനും ജനങ്ങൾക്കും സൽമാൻ രാജാവിൻ്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ്റെയും അഭിവാദ്യവും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കാനാവശ്യമായ വിഷയങ്ങൾ, ഇരുരാജ്യങ്ങൾക്കിടയിലെ കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും കൈവരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട മാർഗങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
കിരീടാവകാശി പ്രഖ്യാപിച്ച ‘ഗ്രീൻ സൗദി അറേബ്യ’ ‘ഗ്രീൻ മിഡിലീസ്റ്റ്’ സംരംഭങ്ങളോടുള്ള മതിപ്പ് നരേന്ദ്ര മോദി പ്രകടിപ്പിച്ചു. വിഷൻ 2030ൻ്റെ വെളിച്ചത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുന്നതിനുള്ള വഴികളും പൊതുതാൽപര്യമുള്ള നിരവധി മേഖലകളിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഊർജിതപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഊദ് ബിൻ മുഹമ്മദ് അൽസാത്വി, വിദേശകാര്യ മന്ത്രി ഓഫിസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ പങ്കെടുത്തു. ഒബ്സർവേഷൻ റിസർച് ഫൗണ്ടേഷനിലെ ഒരുകൂട്ടം ഗവേഷകരും ചിന്തകരുമായുള്ള ചർച്ചാ സെഷനിലും സൗദി വിദേശകാര്യ മന്ത്രി പങ്കെടുത്തു.
ഞായറാഴ്ച ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.