ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ ശനിയാഴ്ച തുടങ്ങിയ നുഴഞ്ഞകയറ്റ ശ്രമം ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്. ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയം.ഇതേതുടർന്ന് വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോൺ സർവീസും നിർത്തിവച്ചു.
ആദ്യമായാണ് നുഴഞ്ഞുകയറ്റത്തെ തുടർന്ന് ഇന്‍റർനെറ്റ്, ഫോൺ സർവീസുകൾ മേഖലയിൽ റദ്ദാക്കുന്നത്.ശനിയാഴ്ച രാത്രിയാണ് നിയന്ത്രണരേഖയിലെ ഉറി, ബാരാമുല്ല സെക്ടറുകളിൽ നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ചത്. ഉറി ചാവേർ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്‍റെ അഞ്ചാം വാർഷികത്തിലായിരുന്നു ഇത്. 2016 സെപ്റ്റംബർ 18നാണ് ഉറയിൽ ആക്രമണം ഉണ്ടായത്.