നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ് വെളുത്തുള്ളി. വെളുത്തുളളിയുടെ ഈ ഔഷധഗുണങ്ങള്‍ക്കു പിന്നില്‍ അതിലുളള സള്‍ഫര്‍ അടങ്ങിയ അലിസിന് എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്സിഡന്റ് സ്വഭാവവും അലിസിനുണ്ട്.
വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം:
- ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നത് ഗ്യാസ് ട്രബിളിന് ആശ്വാസം നൽകുന്നു. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദമാണ്. വെളുത്തുളളി സൂപ്പും, വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം.
- വിറ്റാമിന്‍ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, കോപ്പര്‍, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസമ്പുഷ്ടമാകുന്നു. വെളുത്തുളളിയുടെ ഔഷധഗുണം പൂര്‍ണമായും കിട്ടണമെങ്കില്‍ പച്ചയ്ക്കു തന്നെ കഴിക്കണം.
- ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൊറോണറി ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം, ആര്‍ട്ടീരിയോ സ്ളീറോസിസ് (രക്തധമനികളുടെ കട്ടി കൂടി ഉള്‍വ്യാസം കുറയുന്ന അവസ്ഥ) എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദമാണ്. വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്ന് പഠനങ്ങൾ പറയുന്നു.
- രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നതില്‍ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്കു മരുന്നുകഴിക്കുന്നവര് വെളുത്തുളളി എത്രത്തോളം അളവില്‍ പതിവായി ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകന്റെ ഉപദേശം തേടാവുന്നതാണ്. ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനു വെളുത്തുള്ളി സഹായകമെന്നു പഠനം.
- റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീര്‍വീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ബാക്ടീരിയ, വേദന എന്നിവ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങള്‍ പല്ലുവേദനയില്‍ നിന്ന് താത്കാലിക ആശ്വാസത്തിന് ഉതകും. വെളുത്തുളളി ചതച്ചു വേദനയുളള ഭാഗത്തു വയ്ക്കുക.
- വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരേ പോരാടുന്നതിനാല്‍ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേര്‍ത്ത ഭക്ഷണം ശീലമാക്കിയാല്‍ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വെളുത്തുളളി ചേര്‍ത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം. ശ്വസനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം.
- വെളുത്തുളളിയിലെ അലൈല്‍ സള്‍ഫര്‍ കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി ഗവേഷകര്‍. കുടല്, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.