കാബൂൾ: കാബൂൾ വിമാനത്താവളത്തിൽനിന്നും മാറണമെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി അമേരിക്കയും ബ്രിട്ടനും. സുരക്ഷാ ഭീഷണിയുണ്ടെന്നാണ് യുഎസും യുകെയും തങ്ങളുടെ പൗരൻമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇവർ പൗരൻമാരോട് നിർദേശിച്ചു. ഐ.എസ് ചാവേർ ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണ് യു.കെയുടെ മുന്നറിയിപ്പ്. പൗരൻമാരോട് കാബൂൾ വിമാനത്താവളത്തിന്‍റെ സമീപത്തേക്ക് പോകരുതെന്ന് യു.എസും അറിയിച്ചു.
അതേസമയം അഫ്ഗാനിൽ നിന്നും പുറത്ത് കടക്കാൻ ആയിരക്കണക്കിന് ആളുകളാണ് കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിന് ശേഷം യു.എസ് മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളിൽ പുറത്തെത്തിച്ചിട്ടുണ്ട്.
















