തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണ്ടയ്മെൻറ് സോണുകളിൽ വ്യാജ മദ്യ നിർമ്മാണത്തിന് സാധ്യതയുണ്ടെന്ന് എക്സൈസ് കമ്മീഷണർ. ഓണക്കാലത്ത് വ്യാജ മദ്യവും അന്തർസംസ്ഥാന സ്പിരിറ്റിനും സാധ്യതയുള്ളതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ എക്സൈസ് കമ്മീഷണർ ആനന്ദൻ കൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശോധനയ്ക്ക് ചില നിയന്ത്രങ്ങളുണ്ട്. ഇതുമുതലാക്കി വ്യാജ മദ്യനിർമ്മാണത്തിനും വിൽപ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കണ്ടെയ്മെൻറ് സോണുകളിലെ നിയന്ത്രണങ്ങള്‍ മുതലാക്കി വ്യാജ വാറ്റിനും മദ്യവിൽപ്പനക്കുമുള്ള സാധ്യതയുണ്ടെന്നാണ് എക്സൈസ് ഇൻറലിജൻസിന്‍റെ റിപ്പോർട്ട്. ലോക്ഡൗണ്‍ നിയന്ത്രങ്ങളുണ്ടായിരുന്നപ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിർമ്മാണം പിടികൂടിയിരുന്നു. ഈ സ്ഥലങ്ങളിൽ രഹസ്യവിവരം ശേഖരിച്ച് പ്രത്യേക പരിശോധന വേണം, മദ്യ-കഞ്ചാവ് വിൽപ്പനക്ക് നേരത്തെ ശിക്ഷ അനുഭവിച്ചവർ, നിയമം ലംഘിച്ച് മദ്യ കച്ചവടം നടത്തിയിട്ടുള്ള ബാറുകള്‍ എന്നിവ നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
വിൽപ്പന നടത്തുന്ന കള്ളിൽ നിന്നും മൂന്ന് സാമ്പികളുകള്‍ ശേഖരിച്ച പരിശോധനക്കായി അയക്കണമെന്ന മാർഗനിർദ്ദേശം പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഒരു മാസം മുമ്പ് പാലക്കാട് അണക്കപ്പാറയിൽ സ്പരിറ്റ് ചേർത്ത് കള്ളുവിൽപ്പന നടത്തുന്ന കേന്ദ്രം എക്സൈസ് കണ്ടെത്തുകയും എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഡയറി പിടികൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിർദ്ദേശം മുന്നോട്ടുവച്ചത്.

















