കൊച്ചി: ഓണക്കിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന ആരോപണവുമായി പി ടി തോമസ് എംഎൽഎ. ഏലക്ക വാങ്ങിയതിൽ എട്ട് കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് എംഎൽഎയുടെ ആരോപണം. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മലയോരത്ത് സർക്കാരിൻ്റെ സൗജന്യ ഓണകിറ്റ് വിതരണം മുടങ്ങി. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മിക്ക റേഷൻ കടകളിലും ഓണകിറ്റുകൾ തയ്യാറാണെങ്കിലും കിറ്റുകളിൽ ഏലക്ക ഇല്ലാത്തതിനാലാണ് വിതരണം മുടങ്ങാൻ കാരണം.
15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിൽ പതിനാല് സാധനങ്ങളും ഉൾപ്പെടുത്തി കിറ്റുകൾ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും ഏലക്ക ലഭിക്കാത്തതിനാൽ കിറ്റ് വിതരണം ചെയ്യാൻ സാധ്യമല്ല എന്നാണ് റേഷൻ കടകളിൽനിന്നും ലഭിക്കുന്ന മറുപടി.

















