കൊച്ചി: ഓണക്കോടിക്കൊപ്പം പണം നൽകിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പതിനായിരം രൂപ അടങ്ങിയ കവർ കൗൺസിലർമാർ ചെയർപേഴ്സന് നൽകുന്ന ദൃശ്യം പുറത്ത് വന്നു. ദൃശ്യത്തിൽ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗൺസിലർമാർ ചെയർപേഴ്സനെ അറിയിക്കുന്നുണ്ട്. സംഭവത്തിൽ ചെയർപേഴ്സന്‍റെ നടപടി അന്വേഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്‍റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൗൺസിലർമാരുടെ കയ്യിൽ നിന്ന് പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു നേരത്തെ ചെയര്‍പേഴ്സന്‍റെ വാദം. പണം തന്നെന്ന് സ്ഥിരീകരിച്ച് കൂടുതൽ ഭരണപക്ഷം കൗൺസിലർമാരും രംഗത്തെത്തി. പുടവയുടെ പണം മാത്രമാണെന്ന് കരുതിയാണ് കവർ വാങ്ങിയതെന്നും കൗൺസിലർമാർ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായത്തോടെ പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.

















