കൊല്ലം: ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും വ്യാപക പോസ്റ്ററുകൾ. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്‍റായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്.
’78 വയസ് രാജേന്ദ്രപ്രസാദ്, എഴുന്നേറ്റ് നിൽകാൻ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡി.സി.സി. പ്രസിഡന്‍റ്’ എന്നാണ് പോസ്റ്ററിൽ ഉളളത്.
ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്.
രാജേന്ദ്രപ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്.
അതേസമയം, എ. ഷാനവാസ് ഖാൻ, ആർ. ചന്ദ്രശേഖരൻ, പുനലൂർ മധു, എം.എം. നസീർ എന്നിവരുടെ പേരുകളും ഡി.സി.സി പ്രസിഡന്‍റ് പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

















