കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. ഉടൻ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാൻ. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്.
സൂഫിയാന്റെ കീഴടങ്ങലിന് മുൻപേ സൂഫിയാന്റെ സഹോദരൻ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങൾ.

















