തിരുവനന്തപുരം: കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചു. പട്ടികയിലെ പേരുകളിലല്ല തന്റെ അതൃപ്‌തി. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര്‍. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും താരിഖ് അൻവര്‍ ഫോണിൽ വിളിച്ച് സംസാരിച്ചു. സോണിയാഗാന്ധിയുടെ നിർദേശ പ്രകാരമാണ് ചർച്ച. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അൻവര്‍ സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നൽകും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. അതേസമയം വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിലില്ല. പട്ടികയില്‍ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ പോകുന്നത്.
കഴിഞ്ഞ ആഴ്ച ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ എഐസിസി നേതൃത്വത്തിന് കേരള നേതാക്കൾ നൽകിയത്. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിച്ച് രംത്തെത്തിയതാണ് ഹൈക്കമാന്‍റിനെയും പ്രതിസന്ധിയാക്കിയത്.

















