തിരുവനന്തപുരം: ആറ്റിങ്ങലിൽ വഴിയോരത്ത് കച്ചവടം ചെയ്തിരുന്ന സ്ത്രീയുടെ മത്സ്യങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ നഗസഭാ ജീവനക്കാർക്കെതിരെ നടപടി. മീൻ തട്ടിയെറിഞ്ഞ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മുബാറക്ക്, ഷിബു എന്നീ ജീവനെക്കാരെയാണ് നഗരസഭ സസ്പെൻഡ് ചെയ്തത്.
കൊല്ലം അഞ്ചുതെങ്ങ് സ്വദേശിനി അൽഫോൻസയുടെ മത്സ്യമാണ് ഇവർ വലിച്ചെറിഞ്ഞത്. പതിറ്റാണ്ടുകളായി ആറ്റിങ്ങൽ അവനവൻചേരി കവലയിലാണ് ഇവർ മത്സ്യം വിറ്റിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഇവരുടെ മത്സ്യവിൽപന അവിടെ നിന്നും മാറ്റാനുള്ള നഗരസഭാ ജീവനക്കാരുടെ ശ്രമമാണ് ദയയില്ലാത്ത പ്രവർത്തിയിലേക്ക് എത്തിച്ചത്.
അൽഫോൺസ മത്സ്യവിൽപനയ്ക്ക് വേണ്ടി കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും നഗരസഭാ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അതിക്രമം നേരിട്ട മത്സ്യത്തൊഴിലാളി അൽഫോൺസയെ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് നഗരസഭ ആദ്യം സ്വീകരിച്ചിരുന്നത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അതിന് ശേഷമാണ് മീൻ പിടിച്ചെടുത്തതെന്നും വാഹനത്തില്‍ കയറ്റുമ്പോൾ മീൻ റോഡില്‍ വീണതാണെന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരന്നു. മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നെന്നായിരുന്നു നഗരസഭയുടെ വിശദീകരണം

















