തിരുവനന്തപുരം: സുനന്ദപുഷ്കർ കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏഴുവർഷം തരൂരിനെ തേജോവധം ചെയ്തവർ ക്ഷമപറയാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് എല്‍.ഡി.എഫ് അദ്ദേഹത്തെ തോല്പിക്കാന് ശ്രമിച്ചത്. ദേശീയതലത്തില്‍ ബി.ജെ.പി തരൂരിനെതിരേ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതിവിധിെയന്ന് സുധാകരന് ചൂണ്ടിക്കാട്ടി.
തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹികപീഡനവുമാണ് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പൊലീസിനെ ചട്ടുകമാക്കി. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണക്കിടയില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടിയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്ന് സുധാകരന് പറഞ്ഞു.

















