കാക്കനാട്: തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാതിരുന്നത് വിവാദത്തില്‍. നഗരസഭ അങ്കണത്തിലൊരുക്കിയ വേദിയില്‍ സ്‌ക്രീനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്‌തെങ്കിലും അതുവരെ അവിടെയുണ്ടായിരുന്നവര്‍ പോലും കാഴ്ച്ചക്കാരായുണ്ടായില്ല എന്നാണ് വിവരം.
ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്. പരിപാടി തുടങ്ങി ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയര്‍മാന്‍മാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. പിന്നീട് സദസിലുണ്ടായിരുന്നവരും എഴുന്നേറ്റുപോയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാതായത്.
സദസിലെ ഭൂരിഭാഗം കസേരകളും മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുന്‍പേ ജീവനക്കാര്‍ നീക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഭരണസമിതിയും സിപിഎം നേതാക്കളും പ്രതിരോധത്തിലായിരിക്കുകയാണ്.

















