തിരുവനന്തപുരം:സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഉമ്മൻചാണ്ടിക്ക് പുറമേ, ഇപ്പോൾ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചിട്ടുള്ളത്.
സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുന്നത്.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് സിബിഐ എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതോടെ, കേസന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കാനാകും സിബിഐയുടെ ശ്രമം.

















