തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന്റെ ഭാഗമായി പുളിക്കീഴ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, പേഴ്സണൽ മാനേജർ പി യു ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി പുളിക്കീഴ് പോലിസ് സ്റ്റേഷനിൽ ഹാജരായത്.
പുളിക്കീഴ് സി.ഐ ഇ.ഡി ബിജു മുമ്പാകെ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പ്രതികൾ മൂവരും ഹാജരായത്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ വീണ്ടും ഹാജരാകാമെന്ന ഉപാധിയിന്മേൽ വിട്ടയച്ചു.
പ്രതികൾ മൂവരും കഴിഞ്ഞ ആഴ്ച ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. ഹൈക്കോടതിയിൽ നിന്നും ലഭിച്ച മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസക്കാലത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ മൊഴി നൽകാൻ ഹാജരായത്.
മദ്യ നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20386 ലിറ്റർ മറിച്ചു വിറ്റ സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസിലാണ് ഉദ്യോഗസ്ഥർ മൊഴി നൽകാൻ സ്റ്റേഷനിൽ ഹാജരായത്. കേസിൽ പിടിയിലായ നാല് പ്രതികൾ മാവേലിക്കര സബ് ജയിലിൽ റിമാന്റിൽ തുടരുകയാണ്.

















